local news

ജില്ലയില്‍ പോലീസിന്റെ പ്രത്യേക കോമ്പിങ് ഓപ്പറേഷന്‍; 104 കേസുകള്‍, 33 പ്രതികള്‍ പിടിയില്‍

കാസര്‍കോട്: ജില്ലയിലെ ക്രമസമാധാനം ശക്തമാക്കുന്നതിന്റെയും ലഹരിമരുന്ന് കടത്തും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന്റെയും ഭാഗമായി ജില്ലാ പോലീസ് നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷനില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 33 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നവംബര്‍ 21 വൈകിട്ട് മുതല്‍ 22 രാവിലെ വരെയാണ് പരിശോധന നടത്തിയത്.
പരിശോധനയുടെ ഭാഗമായി ജില്ലയിലുടനീളം 1,305 വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ 367 അന്തര്‍സംസ്ഥാന വാഹനങ്ങളും ഉള്‍പ്പെടുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് 48 കേസുകളും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ അന്തര്‍സംസ്ഥാന വാഹനത്തില്‍ നിന്ന് അനധികൃത മദ്യം പിടികൂടി.
ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി എന്‍.ഡി.പി.എസ് നിയമപ്രകാരം 10 കേസുകളും അബ്കാരി നിയമപ്രകാരം 23 കേസുകളും പുകയില ഉല്‍പ്പന്ന നിയന്ത്രണ നിയമപ്രകാരം 14 കേസുകളും രജിസ്റ്റര്‍ ചെയ്തു. കൂടാതെ സംശയാസ്പദമായ സാഹചര്യത്തില്‍ 4 പരിശോധനകളും ചൂതാട്ട നിരോധന നിയമപ്രകാരം 3 കേസുകളും എടുത്തിട്ടുണ്ട്.
വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 30 വാറന്റ് പ്രതികളെ പിടികൂടി. കരുതല്‍ തടങ്കല്‍ ഉത്തരവുള്ള 3 പി.ഐ.ടി എന്‍.ഡി.പി.എസ് പ്രതികളെയും (ബേക്കല്‍ – 2, വിദ്യാനഗര്‍ – 1) അറസ്റ്റ് ചെയ്തു. ബദിയടുക്ക സ്റ്റേഷന്‍ പരിധിയില്‍ ബി.എന്‍.എസ്.എസ് പ്രകാരം കരുതല്‍ അറസ്റ്റും രേഖപ്പെടുത്തി.
ജില്ലയിലെ 44 ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് മിന്നല്‍ പരിശോധന നടത്തി. വരും ദിവസങ്ങളിലും ജില്ലയില്‍ ഇത്തരം കര്‍ശന പരിശോധനകള്‍ തുടരുമെന്ന് ജില്ലാ പോലീസ് അറിയിച്ചു

 

error: Content is protected !!