മരണത്തില്‍ നിന്ന് വാരിയെടുത്ത കരങ്ങള്‍ തേടി, അവര്‍ വീണ്ടും കണ്ടുമുട്ടി
നീലേശ്വരം: കോട്ടപ്പുറം: കഴിഞ്ഞ വര്‍ഷം മരണത്തിന്റെ വക്കില്‍ നിന്ന് തന്നെ വാരിയെടുത്ത പോലീസ് ഉദ്യോഗസ്ഥരെ തേടി സുജാത വീണ്ടും കോട്ടപ്പുറത്തെത്തി. കഴിഞ്ഞ ദിവസം കോട്ടപ്പുറത്ത് നടന്ന ഉത്തര മലബാര്‍ ജലോത്സവത്തിന്റെ ട്രാക്കില്‍ വച്ചായിരുന്നു ആ വികാരനിര്‍ഭരമായ കൂടിക്കാഴ്ച. കഴിഞ്ഞ വര്‍ഷത്തെ വള്ളംകളി മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ വിജയികളായ കൃഷ്ണപിള്ള കാവുംചിറ ടീം മത്സരത്തിന്റെ അവസാനം എതിരെ വന്ന ചെറുവള്ളത്തില്‍ ഇടിച്ച് നിലയില്ലാക്കയത്തില്‍ മറിഞ്ഞുപോയി. ആ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ സൈഫുദ്ദീന്‍ നീലേശ്വരം ഒട്ടും അമാന്തിക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടി. ആഴക്കയത്തില്‍ താണുപോയ കാവുംചിറയിലെ സുജാതയെ കോരിയെടുത്ത് ഓളപ്പരപ്പിലേക്ക് പൊങ്ങിവന്നപ്പോള്‍, അവിടെ വള്ളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ സുജാതയെ വള്ളത്തിലേക്ക് വലിച്ചുകയറ്റി, ആവശ്യമായ പ്രഥമ ശുശ്രൂഷ നല്‍കി ഉടനെ കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
ഇത്തവണയും കാവുംചിറയുടെ തുഴച്ചില്‍ സംഘത്തില്‍ സുജാതയുണ്ട്. തിരക്കിനിടയിലും തന്റെ രക്ഷകനെ കണ്ടെത്തി അവര്‍ സന്തോഷം പങ്കിട്ടു.
സുജാത തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു:
‘ആ വലിയ മനുഷ്യന് അഭിനന്ദനങ്ങള്‍, ജീവിതത്തിന്റെ വെളിച്ചം കാണിച്ചു തന്ന സാര്‍’
ആ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
അതാണ് പോലീസ്. യൂണിഫോമിനപ്പുറം ഒരു മനുഷ്യന്റെ കൈനീട്ടം.

