കോട്ടച്ചേരി ബസ് സ്റ്റാന്‍ഡില്‍ മേല്‍ക്കൂര പൊട്ടിവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കാഞ്ഞങ്ങാട്: നഗരത്തിലെ തിരക്കേറിയ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഫൈബര്‍ ഷീറ്റ് പൊട്ടിവീണു. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. ഈ സമയം സമീപത്ത് ആളുകളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മുലയൂട്ടല്‍ കേന്ദ്രത്തിനും പോലീസ് എയ്ഡ് പോസ്റ്റിനും ഇടയിലുള്ള ഭാഗത്തെ ഷീറ്റാണ് പൊട്ടി താഴെ വീണത്. തൊട്ടടുത്ത ഭാഗം ഏതുനിമിഷവും താഴേക്ക് പതിക്കുന്ന നിലയിലാണ്. പൊട്ടിവീണ ഷീറ്റിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ കച്ചവടക്കാരാണ് അരികിലേക്ക് മാറ്റിവച്ചത്. കാലപ്പഴക്കത്താല്‍ അപകടഭീഷണിയിലുള്ള കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് സ്ലാബുകള്‍ തലയില്‍ വീഴുന്നത് ഒഴിവാക്കാനാണ് ലക്ഷങ്ങള്‍ ചെലവിട്ട് താല്‍ക്കാലിക മേല്‍ക്കൂര നിര്‍മിച്ചത്.

