local news

ഏഴ് പതിറ്റാണ്ടിന്റെ സാംസ്‌കാരിക പാരമ്പര്യവുമായി കാലിച്ചാമരത്ത് പ്രൊഫഷണല്‍ നാടകോത്സവം 21 മുതല്‍

നീലേശ്വരം: കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ഏഴ് പതിറ്റാണ്ട് നീളുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പ്രഥമ പ്രൊഫഷണല്‍ നാടകോത്സവം നവംബര്‍ 21 മുതല്‍ 25 വരെ നടക്കും. നാടകോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ: ആനക്കൈ ബാലകൃഷ്ണന്‍ ചെയര്‍മാനും, ഒ എം ബാലകൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായിട്ടുള്ള സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്

സംസ്ഥാനത്തെ പ്രമുഖ പ്രൊഫഷണല്‍ നാടക സംഘങ്ങള്‍ പങ്കെടുക്കുന്ന നാടകോത്സവം നാടകാസ്വാദകര്‍ക്കും കലാപ്രേമികള്‍ക്കും വേറിട്ട അനുഭവമാകും. നാടകോത്സവത്തിന്റെ വരവറിയിച്ച് നവംബര്‍ 20 ന് വൈകിട്ട് അഞ്ചിന് കോയിത്തട്ടയില്‍ നിന്ന് കാലിച്ചാമരത്തേക്ക് നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ഘോഷയാത്ര നടക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 ന് സാംസ്‌കാരിക പരിപാടികളും തുടര്‍ന്ന് നാടകാവതരണവും ഉണ്ടായിരിക്കും.

നവംബര്‍ 21 ന് ഡോ. നിതീഷ് നാരായണന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ശ്വാസം’ നാടകം അരങ്ങേറും. 22 ന് ഡോ. ബിജു ബാലകൃഷ്ണന്റെ പ്രഭാഷണവും തിരുവനന്തപുരം സൗപര്‍ണികയുടെ ‘പടയോട്ടം’ നാടകവും നടക്കും. 23 ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട പ്രഭാഷണം നടത്തും. തുടര്‍ന്ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ‘ഇരുവര്‍’ നാടകം അവതരിപ്പിക്കും.

24 ന് പ്രശസ്ത സംഗീതജ്ഞന്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ പ്രഭാഷണവും കടയ്ക്കല്‍ എസ്.എസ്. നടനസഭയുടെ ‘ഈശ്വരന്റെ തിരക്കഥ’ നാടകവും അരങ്ങേറും. നവംബര്‍ 25 ന് നടക്കുന്ന സമാപന സമ്മേളനം കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം സംസ്‌കൃതിയുടെ ‘ഭൂട്ടാനി’ നാടകവും അവതരിപ്പിക്കും.

നാടകോത്സവത്തിന്റെ പ്രചാരണാര്‍ഥം വായനശാല പ്രസിഡന്റ് വി മധുസൂദനന്‍ രചിച്ച് പി കുമാരന്‍ കുമ്പളപ്പള്ളി ആലപിച്ച നാടകോല്‍സവ പ്രചരണ ഗാനവും പുറത്തിറക്കി.കൂടാതെ നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. നാടകശില്‍പം, പാട്ടകം നാടക ഗാന സദസ്സ്, പഞ്ചായത്തിലെ ആദ്യകാല നാടക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും സംഗമമായ ‘നാട്ടകം’, പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ നാടക യാത്രയും ഇതിന്റെ ഭാഗമായി നടന്നു.

വാര്‍ത്ത സമ്മേളനത്തില്‍
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഒ എം ബാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ എന്‍ ഗോപിനാഥന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ വസന്തകുമാര്‍, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ എം ചന്ദ്രന്‍ , പ്രചരണ കമ്മറ്റി കണ്‍വീനര്‍ വാസു കരിന്തളം എന്നിവര്‍ പങ്കെടുത്തു

 

error: Content is protected !!