local news

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് ഇരട്ട സ്വര്‍ണത്തിളക്കവുമായി ജോഷ്വ

കാഞ്ഞങ്ങാട്: മീററ്റിലെ സ്വാമി വിവേകാനന്ദ സുഭാര്‍തി സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ മെഡലുകള്‍ നേടി വിരാസ് കോളേജിലെ ജോഷ്വ എം.
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ (പുരുഷ-വനിതാ വിഭാഗം) വിരാസ് കോളേജ്, വിളയാങ്കോട് വിദ്യാര്‍ത്ഥിനിയായ എം.ജോഷ്വ. 90 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തില്‍ ഇടത് കൈയിലും വലത് കൈയിലും സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി. ഫൈനല്‍ മത്സരത്തില്‍ ഇടത് കൈ വിഭാഗത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കൃഷ്ണപ്രിയയെയും വലത് കൈ വിഭാഗത്തില്‍ കര്‍ണാടകയിലെ ഡോ. മന്‍മോഹന്‍ സിങ് ബെംഗളൂരു സര്‍വകലാശാലയുടെ തനുശ്രീയെയും പരാജയപ്പെടുത്തിയാണ് ജോഷ്വ ഇരട്ട സ്വര്‍ണം സ്വന്തമാക്കിയത്.
ജോഷ്വ മത്സരിച്ച വിഭാഗത്തില്‍ രാജ്യത്തെ പതിനൊന്നോളം സര്‍വകലാശാലകളില്‍ നിന്നുള്ള താരങ്ങള്‍ മാറ്റുരച്ചു. പ്രതികൂല കാലാവസ്ഥയെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ജോഷ്വ ഈ മികച്ച നേട്ടം കൈവരിച്ചത്.
സ്വന്തം മികവും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ദേശീയതലത്തില്‍ വിരാസ് കോളേജിന്റെ അഭിമാനമായി മാറിയ ജോഷ്വയുടെ നേട്ടം കോളേജിനും കണ്ണൂര്‍ സര്‍വകലാശാലയ്ക്കും ഒരുപോലെ അഭിമാനകരമാണ്. മത്സരത്തില്‍ ജോഷ്വയുടെ സംഘ മാനേജരായി വിരാസ് കോളേജ് കായിക വിഭാഗം മേധാവി ഡോ. ടി. സി. ജീന പ്രവര്‍ത്തിച്ചു. ഹോസ്ദുര്‍ഗ് ലയണ്‍സ് ജിമ്മിലെ എം വി . പ്രതീഷാണ് ജോഷ്വയുടെ പരിശീലകന്‍.
ജോഷ്വയുടെ ഈ ചരിത്രനേട്ടം സര്‍വകലാശാലയ്ക്കും കോളേജിനും നാടിനും വീടിനും അഭിമാനമായി.

 

error: Content is protected !!