local news

കലോത്സവത്തിന് ഓലക്കൊട്ടകള്‍ മെടഞ്ഞ് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി

പെരിയ: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന കാസര്‍കോട് ജില്ലാ കേരള സ്‌കൂള്‍ കലോത്സവം ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടത്തുന്നതിന്റെ ഭാഗമായി കലോത്സവ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓലക്കൊട്ട മെടയല്‍ നടന്നു. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പൂര്‍ണ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ഓലക്കൊട്ട മെടയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍ ഉഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത മുഖ്യാതിഥിയായി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു ഗ്രീന്‍ പ്രോട്ടോകോള്‍ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ. ബാബുരാജ്, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ജില്ലാ പ്രസിഡന്റ് ബിനു ബളാല്‍, പെരിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശ്വംഭരന്‍ മാസ്റ്റര്‍, ആയമ്പാറ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി. മധു, പെരിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സത്യന്‍ മഠത്തില്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ഷീബ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ വച്ച് ജില്ലയിലെ പ്രമുഖ ശില്‍പിയും കലാകാരനുമായ സുരേന്ദ്രന്‍ കൂക്കാനത്തെ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി കണ്‍വീനര്‍ പി.വി ചന്ദ്രിക ടീച്ചര്‍ സ്വാഗതവും ഇ. സുനന്ദ ടീച്ചര്‍ നന്ദിയും പറഞ്ഞു. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പ്രവര്‍ത്തകര്‍ രാവിലെ സ്‌കൂള്‍ പരിസരത്തെ വിവിധ സ്ഥലങ്ങളില്‍ എത്തി ശേഖരിച്ച ഓല ഉപയോഗിച്ച് 50 ഓളം വരുന്ന ചങ്ങാതിക്കൂട്ടം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ വച്ച് തന്നെ ഓലക്കൊട്ടകളായി മെടഞ്ഞെടുത്തു. സ്‌കൂള്‍ മദര്‍ പി.ടി.എയുടെയും അധ്യാപികമാരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണവും ഇവര്‍ക്ക് തുണയായി. ഓലക്കൊട്ട മെടയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പരിശീലന പരിപാടിയായി മാറുകയും ചെയ്തു. ഈ ഓലക്കൊട്ടകള്‍ ഉപയോഗിച്ച് കലോത്സവ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ ഉണ്ടാകുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതി നടപ്പിലാക്കും.

 

error: Content is protected !!