രാവണീശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി നിറവില്‍
രാവണീശ്വരം: രാവണീശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദിനിറവില്‍. ദേശീയപ്രസ്ഥാനത്തിന്റെയും ജന്‍മിത്തത്തിനെതിരെയുമുള്ള പേരാട്ടത്തിന്റെയും മൂര്‍ധന്യത്തില്‍ 1928ല്‍ രാവണീശ്വരം മാക്കിയില്‍ എല്‍.പി സ്‌കൂളായി തുടക്കമിട്ട വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിക്കാനൊരുങ്ങുകയാണ് നാട്. 1983ല്‍
ഹൈസ്‌കൂളായും 2007ല്‍ ഹയര്‍സെക്കന്‍ഡറിയായും ഉയര്‍ത്തപ്പെട്ടു. 43 വര്‍ഷമായി മികച്ച എസ്.എസ്.എല്‍.സി ഫലംനാടിന് സമര്‍പിക്കുന്ന സ്‌കൂളില്‍നിന്ന് 5000ഓളം കുട്ടികള്‍ ഇതിനകം പുറത്തിറങ്ങി. ഹയര്‍സെക്കന്‍ഡറിയിലും മികവ് പ്രകടിപ്പിക്കുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് ബാച്ചുകളിലായി 388 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം തുടര്‍ച്ചയായി മികച്ച പ്ലസ്ടു ഫലമാണ് നല്‍കുന്നത്. കഴിഞ്ഞവര്‍ഷം ഒരുവിദ്യാര്‍ഥിക്ക്(പി.ദേവിക) 1200-ല്‍ 1200 മാര്‍ക്ക് ലഭിച്ച് സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായി. ജില്ലയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നാലാം സ്ഥാനം നേടി ജില്ല പഞ്ചായത്തിന്റെ പ്രത്യേക പുരസ്‌കാരത്തിനര്‍ഹമായി. പാഠ്യേതര വിഷയങ്ങളില്‍ മികച്ചനിലവാരത്തിലേക്കാണുയരുന്നത്. ഈ അധ്യയന വര്‍ഷം തൈക്കോണ്ടോ മത്സരത്തില്‍ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ മാറ്റുരച്ചു. ഒരുകുട്ടി അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടി. സ്‌കൂള്‍ കലോത്സവം, ശാസ്‌ത്രോത്സവം, അത്‌ലറ്റിക്‌സ്, ഗെയിംസ് എന്നിവയിലും മികച്ച
സ്ഥാനം ഉറപ്പിച്ചു. വടംവലി, ഫുട്ബാള്‍, വോളിബാള്‍ എന്നിവയിലും സംസ്ഥാന ദേശീയ ടീമുകളില്‍ സ്‌കൂളിലെ കുട്ടികള്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ദേശീയ വോളിബാള്‍ ടീമില്‍ കളിക്കുന്ന പി.വി. ജിഷ്ണു, കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ല പൊലിസ് മേധാവി നിധിന്‍രാജ് ഐ.പി.എസ് എന്നിവര്‍ ഈ സ്‌കൂളിന്റെ സന്തതികളാണെന്നത് ശതാബ്ദിയുടെ മാറ്റ് വര്‍ധിപ്പിക്കുന്നു. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്, റെഡ്‌ക്രോസ്, വിദ്യാരംഗം, ലിറ്റില്‍ കൈറ്റ്‌സ്, ലൈബ്രറി, കുട്ടികളുടെ ഉദ്യാനം, വിവിധ ക്ലബുകള്‍ എന്നിവ വിദ്യാര്‍ഥികളുടെ പാഠ്യേതര വഴികള്‍ക്ക് ശക്തിപകരുന്നു. മികച്ച കളിസ്ഥലവും ആവശ്യമായ കെട്ടിടങ്ങളും സ്‌കൂളിന്റെ അടിസ്ഥാന സൗകര്യത്തിന്റെ സവിശേഷതകളാണ്. കെ.എസ്.എഫ്.ഇയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍നിന്ന് പുതിയ കെട്ടിടം ഒരുങ്ങുന്നുണ്ട്. കൂടുതല്‍ വികസനത്തിലേക്ക് ചുവടുവെക്കുക കൂടിയാണ് ശതാബ്ദി ആഘോഷത്തിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച കൂടിയാലോചന യോഗം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, ജില്ല പഞ്ചായത്ത് അംഗം കെ. സബീഷ്, എ. കൃഷ്ണന്‍, ഡോ. എ. അശോകന്‍, എസ്.എം.സി ചെയര്‍മാന്‍ എ.വി. പവിത്രന്‍, കെ. മാധവന്‍ നമ്പ്യാര്‍, കരുണാകരന്‍ കുന്നത്ത്, കെ. രാജേന്ദ്രന്‍, പി. കൃഷ്ണന്‍, രവീന്ദ്രന്‍ രാവണേശ്വരം, എസ്. ഗോവിന്ദന്‍ പഞ്ചായത്ത് മെംബരായ എ. തമ്പാന്‍, ദീപ വിനോദന്‍, ദീപ പ്രവീണ്‍ സുധ അശോകന്‍, കെ.വി. സുകുമാരന്‍, ഒ. മോഹനന്‍, ദാമോദരന്‍ തണ്ണോട്ട്, എം. ബാലകൃഷ്ണന്‍, ടി.സി. ദാമോദരന്‍ മാസ്റ്റര്‍, പ്രധാനധ്യാപിക പ്രേമ, മദര്‍ പി.ടി.എ
പ്രസിഡന്റ് ധന്യ അരവിന്ദ്, എ. പവിത്രന്‍, വേളായി ബാലകൃഷ്ണന്‍, പവിത്രന്‍, ടി. തമ്പാന്‍ തണ്ണോട്ട് വിവിധ ബാച്ചുകളുടെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

