local news

നിറഞ്ഞ സദസ്സില്‍ കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം 14-ാമത് നാടകോത്സവം തുടങ്ങി; നവംബര്‍ 18 മുതല്‍ 21 വരെ ആലാമി പള്ളി രാജ് റസിഡന്‍സിയില്‍ രാത്രി 7 മണി മുതല്‍

കാഞ്ഞങ്ങാട്: കലാസാംസ്‌കാരിക മേഖലയില്‍ നിരവധി വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന, സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കലാസാംസ്‌കാരിക കൂട്ടായ്മയായ ആര്‍ട്ട് ഫോറം കാഞ്ഞങ്ങാട് അരങ്ങൊരുക്കുന്ന 14-ാമത് നാടകോത്സവത്തിന് തുടക്കമായി. നവംബര്‍ 18 മുതല്‍ 21 വരെയാണ് നാടകോത്സവം നടക്കുന്നത്.അടുത്തിടെ അന്തരിച്ച പ്രമുഖ നാടക സംവിധായകന്‍ ശ്രീ.വി. ശശിയുടെ പേരില്‍ ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള രാജ് റസിഡന്‍സി ഗ്രൗണ്ടില്‍ തയ്യാറാക്കിയ വേദിയിലാണ് നാടകോത്സവം നടക്കുന്നത്. നാടകം കാണാന്‍ എത്തിയ മുഴുവന്‍ ആളുകളും ചേര്‍ന്നാണ് നാടകോത്സവ ഉദ്ഘാടന ചടങ്ങ് നടത്തിയത്. ഉദ്ഘാടന ചട ങ്ങില്‍ പ്രമുഖ നാടകക്കാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ജീവകാരുണ്യ മേഖലയില്‍ നിറ സാന്നിധ്യവുമായ കണ്ണങ്കൈ കുഞ്ഞിരാമനെ ആദരിച്ചു. നാടക സിനിമ നടി അമ്മിണി ചന്ദ്രലയം, നാടകസ്‌നേഹി ഫാദര്‍ ജോസ് എന്നിവര്‍ മുഖ്യാതിഥികളായി. ആര്‍ട്ട് ഫോറം പ്രസിഡണ്ട് വി സുരേഷ് മോഹന്‍ അധ്യക്ഷനായി.
സെക്രട്ടറി ചന്ദ്രന്‍ ആലാമി പള്ളി സ്വാഗതവും ട്രഷറര്‍ ബി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
ആദ്യദിവസം അമ്പലപ്പുഴ സാരഥിയുടെ ഞാന്‍ അപ്രസക്തന്‍ എന്ന നാടകം അരങ്ങേറി., 19 ന്
തിരുവനന്തപുരം സൗപര്‍ണികയുടെ പടയോട്ടം, 20 ന് തിരുവനന്തപുരം നാടകവേദിയുടെ
ഒരു സുന്ദര ദിവസം, 21ന് ഡ്രീം കേരളയുടെ ഊരുവലം എന്നിവ അവതരിപ്പിക്കും
എല്ലാ ദിവസവും രാത്രി 7 മണിക്ക് ആരംഭിക്കുന്ന നാടകത്തിന് മുന്നോടിയായി ആര്‍ട്ട് ഫോറം മ്യൂസിക് ക്ലബ്ബിന്റെ ഗാനാലാപനം ഉണ്ടായിരിക്കും. എല്ലാ ദിവസവും നാടകത്തിന് ശേഷം നാടക ചര്‍ച്ചയും നടക്കും.

 

error: Content is protected !!