പ്രസിഡന്റ് കസേരയില്‍ നിന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക്; അഭിമാനത്തോടെ ശോഭ
കാഞ്ഞങ്ങാട്: ഒരുകാലത്ത് അജാനൂര്‍ പഞ്ചായത്തിന്റെ ഭരണസാരഥിയായിരുന്നു അവര്‍. പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ ഇരുന്ന് നാടിന്റെ വികസന ഫയലുകളില്‍ ഒപ്പിട്ടിരുന്ന ടി. ശോഭ. ഇന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ചൂലുമായി പ്ലാറ്റ്‌ഫോം വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളി. കഴിഞ്ഞ തവണ വേലേശ്വരം വാര്‍ഡില്‍ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശോഭ പിന്നീട് പഞ്ചായത്ത് പ്രസിഡന്റായി. ഭരണകാലം അവസാനിച്ചതോടെ ജീവിതം വീണ്ടും സാധാരണ നിലയിലേക്ക്. എന്തെങ്കിലും ജോലിയോ സംരംഭമോ തേടുന്നതിനിടയിലാണ് റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണത്തിന് ആളൊഴിവുണ്ടെന്നറിഞ്ഞത്. മടിയില്ലാതെ ആ ജോലിയിലേക്ക് ഇറങ്ങിച്ചെന്നു. ആദ്യം വീട്ടുകാര്‍ക്ക് ചെറിയ എതിര്‍പ്പുണ്ടായിരുന്നു. പ്രസിഡന്റായിരുന്ന ആള്‍ ഇപ്പോള്‍ ശുചീകരണ തൊഴിലാളിയോ എന്ന് ചിലര്‍ ചോദിച്ചതും സ്വാഭാവികം. പക്ഷേ ശോഭയ്ക്ക് അതിലൊന്നും ഒരു കുറച്ചിലുമില്ല. ജോലി തുടങ്ങിയപ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പും മാഞ്ഞു. ഗാന്ധിജി സ്വപ്നം കണ്ട സ്വച്ഛ് ഭാരതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് ശോഭ പറയുന്നത്. കസേരയിലിരുന്നപ്പോഴും പ്ലാറ്റ്‌ഫോമില്‍ ചൂലെടുത്തപ്പോഴും താന്‍ ചെയ്യുന്നത് ജനസേവനം തന്നെയാണെന്ന് അവര്‍ വിശ്വസിക്കുന്നു.
പദവി പോയാലും ആത്മാഭിമാനം പോകില്ലെന്ന് തെളിയിക്കുകയാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ഈ തൊഴിലാളി.

