പത്താം ക്ലാസുകാരന്റെ മരണം: ബാലാവകാശ സംരക്ഷണ കമ്മിഷന് സ്വമേധയാ കേസെടുത്തു
കാഞ്ഞങ്ങാട്: നീലേശ്വരം അഴിത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നടപടി. 15 വയസ്സുകാരന്റെ മരണത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെയും അധ്യാപകര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു. സ്കൂള്‍ അധികൃതരില്‍ നിന്നുള്ള മാനസിക സമ്മര്‍ദമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് കമ്മിഷന് റിപ്പോര്‍ട്ട് തേടി.

