local news

നീലേശ്വരം അലഞ്ഞുതിരിഞ്ഞ അന്യസംസ്ഥാന യുവതിക്ക് തണലായി നീലേശ്വരം പോലീസ്

നീലേശ്വരം: സ്വന്തം നാടും വീടും ഭാഷയും ഒന്നും അറിയാതെ, ദിവസങ്ങളായി നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വിശന്നും തളര്‍ന്നും അലഞ്ഞുതിരിയുകയായിരുന്ന അന്യസംസ്ഥാന യുവതിക്ക് ഒടുവില്‍ സുരക്ഷിത തണല്‍. നീലേശ്വരം പോലീസിന്റെ മാതൃകാപരമായ ഇടപെടലാണ് ആ യുവതിയുടെ ജീവിതത്തിന് ആശ്വാസമായത്.ഭാഷ അറിയാത്തതുകൊണ്ട് ആര്‍ക്കും അവളുടെ വേദന മനസിലായില്ല. ആരോടും ഒന്നും പറയാന്‍ കഴിയാതെ, വിശപ്പും ഭയവും ഉള്ളിലൊതുക്കി അവള്‍ സ്റ്റേഷന്‍ പരിസരത്ത് അലഞ്ഞുനടന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉപ്പിലിക്കൈ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സുമയാണ് ആദ്യം മനുഷ്യത്വത്തിന്റെ കൈ നീട്ടിയത്. അവര്‍ ഉടന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. ശ്രീനിവാസനെ വിവരം അറിയിച്ചു. തുടര്‍ന്ന് കൗണ്‍സിലര്‍ ശ്രീനിവാസനും പൊതുപ്രവര്‍ത്തകരായ സുരേഷ് പുതിയേടത്ത്, ഇ. വേണുഗോപാലന്‍ നായര്‍, കെ.സി. വിനോദ്, രാജേന്ദ്രന്‍ എന്നിവരും ചേര്‍ന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനില്‍കുമാറിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നു. വിവരം കിട്ടിയ ഉടന്‍ നീലേശ്വരം എസ്.ഐ രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ഭയന്ന് വിറച്ചുനിന്ന യുവതിക്ക് ആദ്യം ഭക്ഷണവും വസ്ത്രവും നല്‍കി ആശ്വസിപ്പിച്ചു. പിന്നീട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിതാ പോലീസ് ഓഫീസര്‍ പ്രീതി വിവരമറിഞ്ഞ് തിരികെ സ്റ്റേഷനിലെത്തി ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയായത് എല്ലാവരുടെയും കണ്ണ് നനയിച്ചു. യൂണിഫോമിനപ്പുറം മനുഷ്യത്വമുള്ള പോലീസ് സംവിധാനത്തിന്റെ മുഖമാണ് നീലേശ്വരത്ത് കണ്ടത്.

 

error: Content is protected !!