local news

കാസര്‍കോട് ജില്ലയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ തീവണ്ടി അപകടങ്ങളില്‍; പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: ജില്ലയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ തീവണ്ടി അപകടങ്ങളില്‍ പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. മംഗളൂരുവിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ചാണ് ഒരാള്‍ മരിച്ചത്. ഇന്ന് (വെള്ളി) പുലര്‍ച്ചെ കാസര്‍കോട് പള്ളം റെയില്‍വെ ട്രാക്കിലാണ് സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. മരിച്ചയാളെ പാലക്കാട് വല്ലപ്പുഴ കുറുവട്ടൂര്‍ തെച്ചിക്കാട്ടില്‍ സ്വദേശി ടി. ജിതിന്‍ (26) ആണെന്ന് തിരിച്ചറിഞ്ഞു. സ്ഥലത്ത് നിന്ന് ലഭിച്ച പേഴ്‌സിലെ ആധാര്‍ കാര്‍ഡില്‍ നിന്നാണ് വിവരം ലഭിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണില്‍ നിന്ന് യുവാവിന്റേതെന്ന് കരുതുന്ന ഫോട്ടോകളും ലഭിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണാണ് മറ്റൊരു യുവാവ് മരിച്ചത്. ഉദിനൂര്‍ നടക്കാവ് റെയില്‍വെ ട്രാക്കില്‍ ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കല്ലേക്കാട് മേപ്പറമ്പ് ടി.എ അബ്ദുള്‍ ഗഫൂറിന്റെ മകന്‍ ടി.എ ആദില്‍ ഗഫൂര്‍ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു യുവാവ്. ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല, പിന്നീട് ബന്ധുക്കള്‍ എത്തി തിരിച്ചറിയുകയായിരുന്നു. ചന്തേര പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

 

error: Content is protected !!