റെയില്‍വേ വിശ്രമമുറിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ചുമട്ടുതൊഴിലാളി അറസ്റ്റില്‍

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ചുമട്ടുതൊഴിലാളി അറസ്റ്റില്‍. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പാഴ്‌സല്‍ വിഭാഗത്തില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന പെരിയ രാരപ്പനടുക്കം ചെറുക്കപ്പാറയിലെ സ്വദേശി കെ. ഇസ്മായില്‍ കെ (47) ആണ് അറസ്റ്റിലായത്.
ഈ മാസം ഒക്ടോബര്‍ 27നാണ് സംഭവം. യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറി കിടക്കയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ലൈംഗിക ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് റെയില്‍വേ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. രാജീവന്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -2 മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

