ഡയാലിസിസ് മെഷീനുകള്‍ക്കൊപ്പം പിടയുന്ന ജീവനുകള്‍; പടന്നയുടെ കാരുണ്യ മാതൃക നാടിന്റെ കണ്ണുതുറപ്പിക്കുന്നു

പടന്ന: മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറാന്‍ വെമ്പുന്ന പാവപ്പെട്ട രോഗികളുടെ നെഞ്ചിടിപ്പ് കേള്‍ക്കാന്‍ അധികൃതരും സമൂഹവും എപ്പോഴാണ് സമയം കണ്ടെത്തുക? കാസര്‍ഗോഡ് പടന്ന ഡയാലിസിസ് സെന്ററിലെ ഓരോ മെഷീന്‍ ശബ്ദവും ഇന്ന് ചോദിക്കുന്നത് ഈ ഗൗരവമേറിയ ചോദ്യമാണ്. എന്നാല്‍, ഭരണകൂടങ്ങളുടെയും ഉന്നതരുടെയോ കണ്ണ് തുറക്കാന്‍ കാത്തുനില്‍ക്കാതെ, ‘സ്റ്റാര്‍ ഓഫ് പടന്ന’ എന്ന കൊച്ചു ക്ലബ്ബ് നടത്തിയ വിപ്ലവകരമായ ഇടപെടല്‍ ഇന്ന് ഒരേസമയം നാടിന് മാതൃകയാവുകയും അധികൃതരുടെ നേര്‍ക്കുള്ള ചൂണ്ടുപലകയാവുകയും ചെയ്യുകയാണ്.

കഴിഞ്ഞ ഒന്നര വര്‍ഷമായി സേവനം നടത്തുന്ന പടന്ന ഡയാലിസിസ് സെന്റര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കയത്തിലാണ്. ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗം പേരുടെയും ദയനീയത കണ്ട് പകുതിയിലേറെ പേര്‍ക്കും സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചതോടെ സ്ഥാപനത്തിന്റെ ചുമലിലായത് ലക്ഷങ്ങളുടെ ബാധ്യതയാണ്. ഒരു വര്‍ഷത്തേക്ക് ഒരു രോഗിക്ക് മാത്രം 1,44,000 രൂപയാണ് ചെലവ്. നിലവിലുള്ള അഞ്ച് സൗജന്യ രോഗികള്‍ക്ക് മാത്രം വര്‍ഷം ഏഴര ലക്ഷത്തോളം രൂപ വേണം. ഇതിനുപുറമെ, പത്തോളം രോഗികള്‍ ഊഴം കാത്ത് പുറത്തുനില്‍ക്കുന്നു. രണ്ടാമത്തെ ഷിഫ്റ്റ് ആരംഭിക്കാന്‍ മാസം മൂന്ന് ലക്ഷം രൂപയെങ്കിലും ആവശ്യമാണ്.

ഗള്‍ഫ് മേഖലയിലെ കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴില്‍ നഷ്ടവും കാരണം പ്രവാസികളുടെ സഹായം പോലും പകുതിയായി കുറഞ്ഞ അടിയന്തര സാഹചര്യത്തിലാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. ഈ അപായമണി മുഴങ്ങുമ്പോഴാണ്, സഹായത്തിനായി നീട്ടിയ ചെറിയൊരു അഭ്യര്‍ത്ഥനയെ ‘സ്റ്റാര്‍ ഓഫ് പടന്ന’ ക്ലബ്ബ് അക്ഷരാര്‍ത്ഥത്തില്‍ ചരിത്രമാക്കി മാറ്റിയത്. 25 പേരെ ചേര്‍ക്കാന്‍ ആവശ്യപ്പെട്ട ഇടത്തേക്ക്, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 105 അംഗങ്ങളെ നല്‍കി ഈ യുവകൂട്ടായ്മ കാരുണ്യത്തിന്റെ പെരുമഴ തീര്‍ത്തു. റഫീഖ്, അമീന്‍, ഭാസ്‌കരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നല്‍കിയ ഊര്‍ജ്ജം അമൂല്യമാണ്.
കളികളും ആഘോഷങ്ങളും കൊണ്ട് മാത്രം ക്ലബ്ബുകള്‍ ചുരുങ്ങിപ്പോകുന്ന ഇക്കാലത്ത്, രോഗികളുടെ കണ്ണീരൊപ്പാന്‍ സ്വന്തം ചുമലില്‍ ഭാരമേറ്റാന്‍ ഒരു കൂട്ടം യുവാക്കള്‍ മുന്നോട്ടുവരുമ്പോള്‍, ജനക്ഷേമം പറയുന്ന അധികൃതര്‍ ഇനിയെങ്കിലും ഈ സ്ഥാപനത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണുതുറക്കേണ്ടതുണ്ട്. പടന്നയിലെ ഈ കൂട്ടായ്മ കാണിറത്ത മാതൃക ഒരു ഓര്‍മ്മപ്പെടുത്തലാണ് – സഹജീവികളുടെ ജീവന് വില കല്‍പ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ താങ്ങിനിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തിലും നാടിന്റെ പിന്തുണയിലും അടിയന്തര ഇടപെടലുകള്‍ ഉണ്ടായേ തീരൂ.

 

error: Content is protected !!