ബന്തടുക്ക: സ്വപ്നം കണ്ട വീട് വാസയോഗ്യമല്ലാതായതിന്റെ വിഷമത്തിലായ കുടുംബത്തിന് സഹായവുമായി കേന്ദ്ര പെട്രോളിയം – പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി.
കുറ്റിക്കോല്‍ പഞ്ചായത്ത്, കരിവേടകം വില്ലേജ്, ആനക്കല്ല് ഒറ്റമാവുങ്കാലിലെ കെ. സദന്റെ വീടിനടിയിലാണ് ഗര്‍ത്തം രൂപപ്പെട്ടത്. 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ഒറ്റനില കോണ്‍ക്രീറ്റ് വീടാണ് അപകടഭീഷണിയിലായത്. വീടിന് പിന്നില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കക്കൂസ് കുഴി നിര്‍മിക്കുന്നതിനിടെയാണ് സംഭവം. രണ്ട് മീറ്റര്‍ താഴ്ചയിലെത്തിയപ്പോള്‍ പെട്ടെന്ന് മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. മണ്ണിട്ട് മൂടിയെങ്കിലും വീണ്ടും താഴ്ന്ന് ഗര്‍ത്തം വലുതായി. തുടര്‍ന്ന് ശക്തമായ നീരൊഴുക്ക് ശ്രദ്ധയില്‍പ്പെട്ടു. തെക്ക് ഭാഗത്ത് നിന്ന് വടക്കോട്ട് ചരിവുള്ള കുന്നിന്‍ പ്രദേശമാണിവിടം. വീടിന്റെ താഴെ 150 മീറ്ററോളം അകലെയുള്ള തോട്ടത്തിലെ കുളത്തിലേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്.
നിലവില്‍ താമസിക്കുന്ന കുടുംബവീടിന് സമീപം മൂന്ന് വര്‍ഷം മുന്‍പാണ് പുതിയ വീടിന്റെ നിര്‍മാണം തുടങ്ങിയത്. കെട്ടിടങ്ങള്‍ക്ക് ടൈല്‍സ് പാകുന്ന പണിയില്‍ നിന്ന് ലഭിച്ച കൂലിയില്‍ നിന്ന് മിച്ചംവെച്ച തുക കൊണ്ടാണ് സദന്‍ വീട് പണിതത്. വിവരമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി,സെക്രട്ടറി മഹേഷ് ഗോപന്‍ ,മുള്ളേരിയ മണ്ഡലം പ്രസിഡന്റ് ദിലീപ് പളളവഞ്ചി,ഈമണ്ഡലം കമ്മിറ്റി അംഗം സി എച്ച് രാധാകൃഷ്ണന്‍,കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മണി കാവുങ്കാല്‍ അടക്കമുള്ളവര്‍ വീട് സന്ദര്‍ശിച്ചിരുന്നു. വീടിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇ-മെയില്‍ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ സഹായ വാഗ്ദാനം നല്‍കിയത്.
