ലയയ്ക്ക് ഇനി ഡോക്ടറുടെ കുപ്പായം; കുമ്പളപ്പള്ളി സ്‌കൂളില്‍ ആദരം

കരിന്തളം: കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി. സ്‌കൂളില്‍ സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും എം.ബി.ബി.എസ്. പ്രവേശനം നേടിയ പൂര്‍വ്വവിദ്യാര്‍ഥി ലയ രാജനുള്ള അനുമോദനവും സംഘടിപ്പിച്ചു.
ഗോത്രമേഖലകളിലെ കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയാണ് സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാം. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.ഇ.പി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. നാരായണന്‍ പദ്ധതി വിശദീകരിച്ചു. മെറിറ്റില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പ്രവേശനം നേടിയ ലയ രാജനെ ചടങ്ങില്‍ ആദരിച്ചു. കരിന്തളം ചിമ്മത്തോട് രാജന്‍-ബാലാമണി ദമ്പതികളുടെ മകളാണ് ലയ. ലയയുടെ അമ്മ ബാലാമണി ഇതേ സ്‌കൂളിലെ പാചകത്തൊഴിലാളിയാണ്.
പി.ടി.എ. പ്രസിഡന്റ് ബിജു കൂടോല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.പി. ബൈജു സ്വാഗതം പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡന്റ് ബൈജു കൂലോത്ത്, എം.പി.ടി.എ. പ്രസിഡന്റ് ജോസ്ലിന്‍ ബിനു, സീനിയര്‍ അസിസ്റ്റന്റ് പി.വി. ഇന്ദുലേഖ, എസ്.ആര്‍.ജി. കണ്‍വീനര്‍ സിന്ധു രാമചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി കെ. ബിനു എന്നിവര്‍ സംസാരിച്ചു. എസ്.ഇ.പി. കണ്‍വീനര്‍ കെ. പ്രശാന്ത് നന്ദി പറഞ്ഞു.

 

error: Content is protected !!