നീലേശ്വരം:പടന്നക്കാട്ടെ ജില്ലാ ആയുര്‍വേദ ആശുപത്രി കെട്ടിടത്തില്‍ പ്രാവുകള്‍ കയറാതിരിക്കാന്‍ സ്ഥാപിച്ച വലയില്‍ കുടുങ്ങിയ അപൂര്‍വ ഇനത്തില്‍പ്പെട്ട വെള്ളിമൂങ്ങയെ (Barn Owl) സാഹസികമായി രക്ഷപ്പെടുത്തി. ആശുപത്രിയിലെ ജീവനക്കാരന്‍ രതീഷ്, തെറാപ്പിസ്റ്റ് റോജിത് കെ.വി എന്നിവരുടെ സമയോചിതമായ ഇടപെടലാണ് രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വലയില്‍ കുടുങ്ങിക്കിടന്ന മൂങ്ങയുടെ ജീവന്‍ രക്ഷിച്ചത്.
?ആശുപത്രി കെട്ടിടത്തിന് മുകളിലെ വലയില്‍ എന്തോ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഇരുവരും പരിശോധിച്ചപ്പോഴാണ് അവശനിലയിലായ വെള്ളിമൂങ്ങയെ കണ്ടത്. തുടര്‍ന്ന് ഏറെ പണിപ്പെട്ട്, സുരക്ഷിതമായി അതിനെ വലയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ആശുപത്രി അധികൃതര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. ?തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ബിന്ദുവിന്റെ സാന്നിധ്യത്തില്‍ വെള്ളിമൂങ്ങയെ വനംവകുപ്പ് റെസ്‌ക്യൂവര്‍ സുനില്‍ സുരേന്ദ്രന് കൈമാറി. ആശുപത്രി ജീവനക്കാരായ റോജിത്തും , രതീഷും കൈമാറ്റത്തില്‍ പങ്കാളികളായി. ആവശ്യമായ ചികിത്സയ്ക്കും പരിചരണത്തിനും ശേഷം മുങ്ങയെ ഉള്‍വനത്തിലേക്ക് തുറന്നുവിടുമെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.
