കേരള പോലീസിന്റെ ലഹരിവിരുദ്ധ മാരത്തോണും ദീപശിഖാ പ്രയാണവും കാസര്‍കോട് നിന്ന് തുടക്കം കുറിച്ചു;  കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

കാസര്‍കോട്: ‘സ്പോര്‍ട്സിനൊപ്പം നില്‍ക്കൂ, ലഹരിയെ അകറ്റൂ’ (Yes to Sports, No to Drugs) എന്ന മുദ്രാവാക്യവുമായി കേരള പോലീസ് അത്‌ലറ്റിക് മീറ്റ് 2026-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തോണും ദീപശിഖാ പ്രയാണവും ഇന്ന് രാവിലെ ഏഴു മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തുടക്കമായി. സെപ്റ്റംബര്‍ എട്ടു വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്നതാണ് ഈ ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം.
ചടങ്ങില്‍ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. കല്ലട്ര മാഹിന്‍ എം എല്‍ എ , മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫ്, ഉദുമ എം.എല്‍.എ നീലകണ്ഠന്‍, ഹോസ്ദുര്‍ഗ് എം.എല്‍.എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാര്യര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി, കാസര്‍കോട് നഗരസഭാ അധ്യക്ഷ ഷാഹിന സലിം, കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ റഫീഖ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കാസര്‍കോട് എ.എസ്.പി അച്യുത് അശോക് ഐ.പി.എസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ‘തൂഫാന്‍’ ലഹരിവിരുദ്ധ പ്രചാരണ വാഹനത്തിന്റെ അനാച്ഛാദനം കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് നിര്‍വഹിച്ചു. അന്താരാഷ്ട്ര കബഡി താരം ജഗദീഷ് കുമ്പള, അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി എന്നിവരില്‍ നിന്ന് ആര്‍.ആര്‍.ആര്‍.എഫ് കമാന്‍ഡന്റ് ശക്തി സിംഗ് ആര്യ ഐ.പി.എസ് ദീപശിഖ ഏറ്റുവാങ്ങി. ജനപ്രതിനിധികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി കേഡറ്റുകളുമായി ജില്ലാ പോലീസ് മേധാവി സംവദിച്ചു. ലഹരിവിരുദ്ധ സെഷന് കാസര്‍കോട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍ നേതൃത്വം നല്‍കികാസര്‍കോട് ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ് ഐ.പി.എസ് സ്വാഗതവും കാസര്‍കോട് ഡി.വൈ.എസ്.പി ടി. ഉത്തംദാസ് നന്ദിയും പറഞ്ഞു. വൈകുന്നേരം മൂന്നു മണിക്ക് കാസര്‍കോട് ഡി.എച്ച്.ക്യു പോലീസ് ടര്‍ഫില്‍ എട്ടു ടീമുകളെ ഉള്‍പ്പെടുത്തി ‘തൂഫാന്‍ കിക്ക്’ സ്‌പോര്‍ട്‌സ് കാര്‍ണിവലും സംഘടിപ്പിച്ചിട്ടുണ്ട്.

 

error: Content is protected !!