കാഞ്ഞങ്ങാട്: കാലങ്ങളായി തകര്‍ന്ന പടന്നക്കാട് മേല്‍പ്പാലം റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാര്‍ പടന്നക്കാട് മേല്‍പ്പാലത്തിന് മുകളില്‍ ചക്ര സ്തംഭനം സമരം നടത്തി. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ കൗണ്‍സിലര്‍മാരും സമരത്തിന്റെ ഭാഗമായി. അല്പസമയം റോഡ് ഉപരോധിച്ച നടത്തിയ സൂചന സമരം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ലതാ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം പി ജാഫര്‍, മുഹമ്മദ് മുറിയനാവി, കൗണ്‍സിലര്‍മാരായ എം. പ്രശാന്ത്,എച്ച് .ആര്‍ . സുകന്യ,അനില്‍ വാഴുന്നോറടി, സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹ്‌മാന്‍, എം. ലിസി, ആക്ഷന്‍ കൗണ്‍സില്‍ നേതാക്കന്മാരായ എ. എം. കുഞ്ഞഹമ്മദ്, ശ്രീനാഥ ശശി, കെ. പത്മനാഭന്‍, സി. എച്ച് അബ്ദുല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്ള പടന്നക്കാട് സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കെടുത്തു.
