സോഷ്യല്‍ മീഡിയ ഭരിച്ച് ‘യവനകഥയില്‍ നിന്നു വന്ന…’ ഗാനം
30 വര്‍ഷം മുന്‍പ് പെട്ടിയിലൊതുങ്ങിപ്പോയ ഒരു സിനിമയിലെ ഗാനം മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും കേരളക്കരയെ ഒന്നടങ്കം കീഴ്പ്പെടുത്തുന്നു. 1995-ല്‍ ചിത്രീകരണം ഉപേക്ഷിക്കപ്പെട്ട ‘അന്ന’ എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചന് ഈണം പകര്‍ന്ന് യേശുദാസും ചിത്രയും ചേര്‍ന്ന് പാടിയ ‘യവനകഥയില്‍ നിന്നു വന്ന…’ എന്ന പ്രണയഗാനമാണ് ‘ബെത്ലഹേം കുടുംബയൂണിറ്റ്’ എന്ന പുതിയ നിവിന്‍ പോളി ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
സിനിമയിലെ ഒരു രംഗത്തില്‍ മാത്രം വന്നുപോകുന്ന ഈ പഴയ ഗാനം, ഒരു പുതിയ ചാര്‍ട്ട്ബസ്റ്റര്‍ ഹിറ്റിനേക്കാള്‍ വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകരും സോഷ്യല്‍ മീഡിയയും ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ലളിതാംബിക അന്തര്‍ജനത്തിന്റെ മകന് എം. മോഹനന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യാനിരുന്ന ‘അന്ന’യില്‍ അരവിന്ദ് സ്വാമിയും മീനയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത്. ഷിബു ചക്രവര്‍ത്തി വരികളെഴുതി അന്നത്തെ ഏറ്റവും ഉയര്‍ന്ന സാങ്കേതിക തികവോടെ റെക്കോര്‍ഡ് ചെയ്ത ഗാനങ്ങളില്‍ ഒന്നായിരുന്നു ഇത്.
‘അന്ന’ എന്ന ചിത്രം റിലീസാകാതെ പോയതില്‍ തനിക്ക് ഏറെ ദുഃഖം തോന്നിയിരുന്നുവെന്ന് സംഗീതസംവിധായകന് ഔസേപ്പച്ചന് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മികച്ച സാഹിത്യകാരന് കൂടിയായ മോഹനന് തയാറാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരു നോവല്‍ പോലെ മനോഹരമായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ആത്മമിത്രമായ ഒ.എന്‍.വി. കുറുപ്പ് എഴുതണമെന്നായിരുന്നു മോഹനന്റെ ആഗ്രഹം. എന്നാല്‍ സംവിധായകന് ജോഷിയുടെ നിര്‍ദ്ദേശപ്രകാരം ഗാനരചന ഷിബു ചക്രവര്‍ത്തിയെ ഏല്‍പ്പിക്കുകയായിരുന്നു. ഒ.എന്‍.വി. എഴുതാന്‍ ആഗ്രഹിച്ച വരികള്‍ക്ക് പകരം താന്‍ എഴുതിയാല്‍ മോഹനന് അത് ഇഷ്ടപ്പെടുമോ എന്ന സംശയം ഷിബു ചക്രവര്‍ത്തിക്ക് ഉണ്ടായിരുന്നു. എന്നാല്‍ പാട്ടുകളുടെ റെക്കോര്‍ഡിങ് പൂര്‍ത്തിയായപ്പോള്‍, വരികള്‍ വളരെ നന്നായിട്ടുണ്ടെന്ന് മോഹനന് തന്നെ നേരിട്ട് പറഞ്ഞ് അഭിനന്ദിച്ചതായി ഷിബു ചക്രവര്‍ത്തി ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.പാട്ട് റിലീസ് ചെയ്യാന്‍ വൈകിയപ്പോള്‍, ‘ആ പാട്ടിന്റെ കാര്യങ്ങള്‍ എന്തായി?’ എന്ന് തുടര്‍ന്നുള്ള ഏഴ് വര്‍ഷത്തോളം യേശുദാസ് ഔസേപ്പച്ചനോട് നിരന്തരം അന്വേഷിച്ചതായി പഴയ അഭുമുഖങ്ങളില് പങ്കുവെച്ചായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സിനിമ മുടങ്ങിയെങ്കിലും ഓഡിയോ കാസറ്റുകളിലൂടെ സംഗീതപ്രേമികള്‍ക്കിടയില്‍ ഈ പാട്ട് എത്തി. അന്ന് ആ പാട്ടിനെ ആളുകള്‍ ഏറ്റെടുത്തിരുനെങ്കിലും പിന്നീട് പ്രേകഷര് മറന്നിരുന്നു. ഇപ്പോള്‍ വീണ്ടും പാട്ടിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമില്‍ ഓണം റീലുകള്‍ ഭരിക്കുകയാണ് ‘യവന കഥയില്‍ നിന്നു വന്ന ഇടയ കന്യകേ’ എന്ന ഗാനം.
