ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന ലോകപ്രശസ്ത പുസ്തകമേളയില്‍ പ്രദര്‍ശനത്തിനെത്തി മലയാളി സൈക്കോളജിസ്റ്റിന്റെ പുസ്തകം

കാഞ്ഞങ്ങാട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന ലോകപ്രശസ്ത പുസ്തകമേളയില്‍ പ്രദര്‍ശനത്തിനെത്തി മലയാളി സൈക്കോളജിസ്റ്റും ഗവേഷകനുമായ സുമേഷ് സുകുമാരന്റെ ‘ദി ഇന്‍വിസിബിള്‍ സൈക്കോളജി ഓഫ് ബീയിങ് ഹ്യൂമന്‍’ എന്ന പുസ്തകം. മലയാളി കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും ഗവേഷകനും എഴുത്തുകാരനുമായ സുമേഷ് സുകുമാരന്റെ ആദ്യ ഇംഗ്ലീഷ് മനഃശാസ്ത്ര പുസ്തകമായ ‘ദി ഇന്‍വിസിബിള്‍ സൈക്കോളജി ഓഫ് ബീയിങ് ഹ്യൂമന്‍: ഹൗ ഓര്‍ഡിനറി ബിഹേവിയേഴ്‌സ് ഷേപ്പ് എക്‌സ്ട്രാ ഓര്‍ഡിനറി ലൈവ്‌സ്’ ആണ് ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍ 2026-ല്‍ പ്രദര്‍ശനത്തിനെത്തിയത്. ഒക്ടോബര്‍ 7 മുതല്‍ 11 വരെയാണ് ലോക പ്രസാധന-സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്.
മനുഷ്യരുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന, പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മനഃശാസ്ത്രപരമായ ഘടകങ്ങളാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയം. ദിവസേനയുള്ള ശീലങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍, ബന്ധങ്ങള്‍, ശ്രദ്ധ, പ്രതിരോധശേഷി, സ്വയം നിയന്ത്രണം, ജീവിതസംതൃപ്തി തുടങ്ങിയ വിഷയങ്ങളെ സാധാരണ വായനക്കാര്‍ക്കും മനസ്സിലാകുന്ന ലളിതമായ മനഃശാസ്ത്ര കാഴ്ചപ്പാടിലൂടെയാണ് പുസ്തകം അവതരിപ്പിക്കുന്നത്.
സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്നതിനൊപ്പം മനുഷ്യരുടെ പെരുമാറ്റം, ചിന്താരീതികള്‍, ദൈനംദിന ജീവിതരീതികള്‍, കരിയര്‍-ജീവിത സംതൃപ്തി തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്തുന്ന സുമേഷ്, അന്താരാഷ്ട്ര അക്കാദമിക്-മനഃശാസ്ത്ര വേദികളിലും തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ന്യൂ വോയ്‌സ് പ്രസ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിതരണച്ചുമതല പ്രമുഖ പ്രസാധന-വിതരണ സ്ഥാപനമായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ ആണ് ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം അവസാനത്തോടെ പുസ്തകം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിനും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തുടര്‍ന്ന് ആമസോണ്‍ ഡോട്ട് കോം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഓണ്‍ലൈന്‍ വിപണികളിലേക്കും പുസ്തകത്തിന്റെ ലഭ്യത വ്യാപിപ്പിക്കാനാണ് പ്രസാധകരുടെ പദ്ധതി.
പ്രസാധകര്‍ ഭഅറിയിച്ചതനുസരിച്ച്, പുസ്തകത്തിന്റെ ഫിസിക്കല്‍ പതിപ്പ് ഘട്ടംഘട്ടമായി ലോകമെമ്പാടുമുള്ള 2,000-ലധികം സ്റ്റോറുകളിലേക്കും എത്തിക്കാനാണ് പദ്ധതി. പുസ്തകത്തിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രകാശനവുമായി ബന്ധപ്പെട്ട പരിപാടികളും ഉടന്‍ സംഘടിപ്പിക്കും.
ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയറിലെ പ്രദര്‍ശനത്തിന് പിന്നാലെ 2027 ജനുവരി 16 മുതല്‍ 24 വരെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയര്‍ 2027-ലും പുസ്തകം പ്രദര്‍ശനത്തിനെത്തും.

 

error: Content is protected !!