ആദൂര്‍: ഓണാഘോഷത്തിന് വ്യത്യസ്തമായ മുഖം നല്കി ആദൂര്‍ പോലീസ് സ്റ്റേഷന്. ആഘോഷത്തിന്റെ ഭാഗമായി മാവേലിയായി വേഷമിട്ട എ എസ് ഐ സ്റ്റേഷന് പരിധിയിലെ വിവിധ റോഡുകളിലെത്തി ജനങ്ങള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചും ലഹരിമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി.
ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി റോഡിലിറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കും കൗതുകമായി. പതിവ് ഓണാഘോഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക പ്രതിബദ്ധതയ്ക്ക് പ്രാധാന്യം നല്‍കിയാണ് ആദൂര്‍ പോലീസ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. മാവേലിയുടെ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥന് വാഹനയാത്രക്കാരോടും പൊതുജനങ്ങളോടും ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഹെല്‍മറ്റ് ധരിക്കുക, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുക, അമിതവേഗം ഒഴിവാക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി. അതോടൊപ്പം യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് ലഹരിമരുന്നുകളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സന്ദേശം നല്കി. മാവേലി പറയുന്ന കാര്യങ്ങള്‍ നാട്ടുകാര്‍ ശ്രദ്ധയോടെ കേട്ടത് പരിപാടിക്ക് വേറിട്ട അനുഭവമായി. ഓണത്തിന്റെ സന്തോഷത്തോടൊപ്പം സാമൂഹിക സുരക്ഷയുടെയും ഉത്തരവാദിത്തത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പരിപാടിക്ക് സാധിച്ചു.
സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.ജി. രതീഷ്, സബ് ഇന്‍സ്പെക്ടര്‍ കെ. ശരത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ രാമചന്ദ്രന് നായരാണ് മാവേലിയുടെ വേഷത്തിലെത്തി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ സന്ദേശം നല്‍കിയത്. സ്റ്റേഷനിലെ ഓണാഘോഷ പരിപാടികള്‍ക്ക് സബ് ഇന്‍സ്പെക്ടര്‍ കരുണാകരന്, ഇ. സുകുമാരന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ജോസ് വിന്‍സെന്റ്, സതീശന് പൊള്ളക്കട, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് തെക്കേക്കാട്, അജിന് എസ്. ബാലന്, ദിലീഷ് കുമാര്‍ പള്ളിക്കൈ, സതീശന് എന്നിവര്‍ നേതൃത്വം നല്കി. ആഘോഷവും സാമൂഹിക ബോധവല്‍ക്കരണവും ഒരുമിപ്പിച്ച ആദൂര്‍ പോലീസിന്റെ പരിപാടി ശ്രദ്ധേയമായി.
