കാഞ്ഞങ്ങാട് . ഗുരുപുരത്തപ്പന്റെ തിടമ്പേറ്റാന്‍ ഇനി യന്ത്ര ആന. ‘പെറ്റ’ ഇന്ത്യയുമായി ചേര്‍ന്ന് തെന്നിന്ത്യന്‍ ചലച്ചിത്ര താരം റിച്ച ചദ്ദ ആണ് ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ നല്‍കുന്നത്. ഉത്രാട നാളില്‍ രാവിലെ 10ന് ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ യന്ത്ര ആന ‘ഗുരുപുരം അര്‍ജുനനെ’ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കും. നടി റിച്ച ചദ്ദയും തന്ത്രി ഇരിവല്‍ കൃഷ്ണദാസ് വാഴുന്നവരും ചേര്‍ന്നാണ് ആനയെ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്നത്.
ജില്ലയില്‍ ആദ്യമായാണ് ഒരു യന്ത്ര ആനയെ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്നത്. 11 അടി ഉയരവും 800 കിലോ ഭാരവും യന്ത്ര ആനയ്ക്കുണ്ട്. മോട്ടറുകളുടെ സഹായത്തോടെ തലയും കണ്ണും വായയും ചെവിയും വാലും ചലിപ്പിക്കും. 5 മോട്ടറുകള്‍ ഉപയോഗിച്ചാണ് ഇവ ചലിപ്പിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍ നിന്നു വെള്ളവും ചീറ്റും. 4 പേര്‍ക്കു ആനപ്പുറത്ത് ഇരിക്കാനാകും. ഇരുമ്പു കൊണ്ടുള്ള ചട്ടക്കൂടിന് പുറത്ത് റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചത്. 5 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ചടങ്ങുകളിലും എഴുന്നള്ളത്തിലും യഥാര്‍ഥ ആനയ്ക്ക് പകരമായി യന്ത്ര ആനയെ ഉപയോഗിക്കാനാകും. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് കേരളത്തില്‍ ആദ്യമായി യന്ത്ര ആനയെ നടയിരുത്തിയത്. പീപ്പിള്‍ ഫോര്‍ ദ് എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) എന്ന മൃഗസംരക്ഷണ സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്നത്. ആവശ്യമെങ്കില്‍ മറ്റ് ക്ഷേത്രങ്ങളിലേക്കും ആനയെ തിടമ്പേറ്റാനായി നല്‍കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി.
അന്നേ ദിവസം രാവിലെ 9ന് കാഴ്ചക്കുല സമര്‍പ്പണവും നടക്കും. പരിപാടിയാല്‍ സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് കെ. സാവിത്രി മീങ്ങോത്തിനെ ചടങ്ങില്‍ ആദരിക്കും. ചെണ്ടമേളവും ബേളൂര്‍ ശിവക്ഷേത്ര മാതൃ സമിതിയുടെ തിരുവാതിരയും അരങ്ങേറും. വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേത്ര പ്രസിഡന്റ് കുഞ്ഞിരാമന്‍ അയ്യങ്കാവ്, ജനറല്‍ സെക്രട്ടറി കെ.കെ.റാം, വൈസ് പ്രസിഡന്റുമാരായ ബാബു പാടിയില്‍, പ്രിയേഷ് പാടിയില്‍, ട്രഷറര്‍ രാജീവന്‍ ഗുരുപുരം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയറാം ചന്ദ്രന്‍, തമ്പാന്‍ പാടിയില്‍, മാതൃസമിതി സെക്രട്ടറി ഗിരിജ അറങ്കോടല്‍ എന്നിവര്‍ അറിയിച്ചു.
