കാസര്‍കോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, പത്ത്വാടിയിലെ വീട്ടില്‍ നിന്ന് മൂന്നര കിലോ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ തായലാന്റ് കേന്ദ്രീകരിച്ചു മയക്കുമരുന്ന് കടത്തുന്ന മുഖ്യ സൂത്രധാരനായ ഒരാള്‍ കൂടി അറസ്റ്റില്‍. ഉപ്പള, മൊഗര്‍ സ്വദേശി മുഹമ്മദ് സുഹൈലാണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കേസില്‍ പ്രതിയായ ഇയാള്‍ തായലണ്ടിലേക്ക് പോയി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു. കാസര്‍കോട് ജില്ലാ പോലിസ് മേധാവി നിധിന്‍ രാജിന്റെ മേല്‍ നോട്ടത്തില്‍ കാസര്‍കോട് എ എസ് പി അച്യുത അശോകിന്റെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കത്തില്‍ തായ്ലാന്റില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കുകയായിരുന്ന പ്രതിയെ ന്യൂ ഡല്‍ഹി എയ്ര്‍പോട്ടില്‍ വെച്ച് അന്വേഷണ സംഘത്തിലെ മഞ്ചേശ്വരം പോലിസ് ഇന്‍സ്‌പെക്ടര്‍ പി കെ. ജിജീഷ്, എ എസ് ഐ സുധീര്‍ ബാബു, സിപിഒ ഷജീഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത് . കാസര്‍കോട്ടേക് എത്തിച്ചു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കാസര്‍കോട് എഎസ്പി അശോക് അച്യുതിന്റെ മേല്‍നോട്ടത്തിലാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളില്‍ ഒന്നായ പത്ത്വാടി കേസ് അന്വേഷണം നടത്തുന്നത്. കേസ്സിന്റെ ആദ്യ അന്വേഷണം നടത്തിയ കാസര്‍കോട് ഡിവൈഎസ്പി ആയിരുന്ന സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഈ കേസ്സില്‍ 3 പ്രതികളെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. എ എ എസ് പി അച്ചുത് അശോകിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണം നടക്കുന്നത്. 2024 സെപ്തംബര്‍ 20ന് വൈകിട്ട് നാലുമണിയോടെ പത്ത്വാടിയിലെ അസ്‌കര്‍ അലി (28)യുടെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. വീട്ടിലേക്ക് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ അജ്ഞാത വാഹനങ്ങളും ആള്‍ക്കാരും വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പോലീസ് അസ്‌കര്‍ അലിയുടെ വീട്ടില്‍ റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടിയത്.
കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ തളങ്കര, ബാങ്കോട്ടെ ഷബീബ് ബാഗ് ഹൗസിലെ മുഹമ്മദ് ലിസാന്‍ അലി (32)യെ രണ്ടാഴ്ച മുമ്പ് കര്‍ണാടക, മടിക്കേരി കുശാല്‍ നഗറിലെ ഒളിവു കേന്ദ്രത്തില്‍ നിന്ന് കാസര്‍കോട് സൈബര്‍ സെല്ലിന്റെയും, കര്‍ണാടക പോലീസിന്റെയും സഹായത്തോടെ എസ് ഐ പ്രസാദ്, എ എസ് ഐ. സുധീര്‍ബാബു, സിപിഒമാരായ ഷജീഷ്, ഹരിപ്രസാദ്, ദീപക് എന്നിവര്‍ ചേര്‍ന്നു സാഹസികമായി പിടികൂടിയിരുന്നു.
