പത്രപ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രസ്സ് ഫോറം പ്രതിഷേധിച്ചു

നീലേശ്വരം: ജന്മദേശം ലേഖകന്‍ വാസു കരിന്തളത്തെ മരണ വീട്ടില്‍ വച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് മെമ്പറുമായ ടി എസ് ബിന്ദു മര്‍ദ്ദിച്ച സംഭവത്തില്‍ നീലേശ്വരം പ്രസ് ഫോറത്തിന്റെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ശക്തമായി പ്രതിഷേധിച്ചു.  കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ നടന്ന അനധികൃത നിയമനത്തിനെതിരെ വാര്‍ത്ത നല്‍കിയതിനാണ് സിപിഎം നേതാവായ ബിന്ദു മരണ വീട്ടിലെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് വാസുവിനെ മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും പേനയും പേപ്പറും തട്ടിയെടുക്കുകയും നിരവധി ആളുകള്‍ നോക്കിനില്‍ക്കെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. വാര്‍ത്ത നല്‍കിയതിന് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുക എന്നത് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വാസുവിനെ ആക്രമിച്ച പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യോഗം ജില്ലാ പൊലിസ് മേധാവി, കാഞ്ഞങ്ങാട് ഡിവൈഎസ്പി , നീലേശ്വരം സി ഐ എന്നിവരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷനായി. സന്ദീപ് ചന്ദ്രന്‍, ശ്വേതാമേലത്ത്, എം വി ഭരതന്‍, ഡി രാജന്‍, സുരേഷ് പുതിയടത്ത്,മണി കോട്ടപ്പുറം എന്നിവര്‍ സംസാരിച്ചു . സെക്രട്ടറി സുരേഷ് മടിക്കൈ സ്വാഗതം പറഞ്ഞു

 

error: Content is protected !!