കരിന്തളം: കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായതോടെ വിദ്യാര്‍ത്ഥികള്‍ ഭീതിയില്‍. ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് സ്‌കൂള്‍ പിടിഎ ജനറല്‍ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
സ്‌കൂളിലേക്കുള്ള വഴിയില്‍ കൂട്ടത്തോടെ അലഞ്ഞുതിരിയുന്ന തെരുവുനായകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാകുകയാണ്. നായകള്‍ പിന്നാലെ കൂടുന്നതിനാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടയായി സ്‌കൂളിലെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. നായകള്‍ റോഡിലേക്ക് പാഞ്ഞുകയറുന്നതിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.
സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലും നായശല്യം രൂക്ഷമാണ്. നായകളുടെ ആക്രമണത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഭീതിമൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് തെരുവുനായ ശല്യത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പിടിഎ പ്രസിഡന്റ് വി വി രാജ്‌മോഹനന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സജി പി ജോസ് സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് വി.കെ. ഗിരീഷ്, എം.പി.ടി.എ പ്രസിഡന്റ് പി. അമൃത എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി. വിമല്‍ദാസ് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികള്‍: വി വി. രാജ്‌മോഹനന്‍ (പ്രസിഡന്റ്), വി.കെ. ഗിരീഷ് (വൈസ് പ്രസിഡന്റ്), മിനി രാജു (എം.പി.ടി.എ പ്രസിഡന്റ്), കൃഷ്ണവേണി (എം.പി.ടി.എ വൈസ് പ്രസിഡന്റ്).
