നീലേശ്വരം റെയില്‍വേ സ്റ്റേഷനോട് റെയില്‍വേയുടെ തുടര്‍ച്ചയായ അവഗണന: പൂജ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ലാതെ മലയോര ജനത ദുരിതത്തില്‍

നീലേശ്വരം: ഉത്സവകാലങ്ങളിലെ യാത്രാതിരക്ക് ഒഴിവാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമ്പോഴും, കാസര്‍ഗോഡ് ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന നീലേശ്വരം റെയില്‍വേ സ്റ്റേഷനെ തുടര്‍ച്ചയായി അവഗണിക്കുന്നതായി പരാതി. പൂജ അവധി ദിനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രത്യേക തീവണ്ടികളില്‍ ഒന്നിനുപോലും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കാത്തത് പ്രദേശത്തെ ആയിരക്കണക്കിന് സാധാരണക്കാരായ യാത്രക്കാരെയും പ്രവാസികളെയും വിദ്യാര്‍ത്ഥികളെയും കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. മലബാറിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ കാസര്‍ഗോഡ് ജില്ലയിലെ മലയോര ജനതയുടെ ഏക ആശ്രയമാണ്. ഉത്സവ സീസണുകളിലും അവധി ദിവസങ്ങളിലും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കും മറ്റ് യാത്രികര്‍ക്കും ഏറെ ആശ്വാസമാകേണ്ട സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇവിടെ നിര്‍ത്താത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള പൂജ സ്‌പെഷ്യല്‍ ട്രെയിനുകളുടെ (ഉദാഹരണത്തിന് തിരുവനന്തപുരം – മാദര്‍ ജങ്ഷന്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ – ട്രെയിന്‍ നമ്പര്‍ 06013, 06014) സമയവിവരങ്ങള്‍ പരിശോധിച്ചാല്‍, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ചുരുക്കം ചില പ്രധാന സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പുകള്‍ നല്‍കിയിട്ടുള്ളത്. നീലേശ്വരം പോലുള്ള പ്രധാനപ്പെട്ട സ്റ്റേഷനുകളെ പൂര്‍ണ്ണമായി തഴയുന്ന നിലപാട് റെയില്‍വേയുടെ ഭാഗത്തുനിന്നും നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. മലബാറിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് റെയില്‍വേയ്ക്ക് നേടി കൊടുക്കുന്നത്. ഉത്സവകാലങ്ങളില്‍ നീലേശ്വരം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയാണെങ്കില്‍ യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കപ്പെടുന്നതിനൊപ്പം റെയില്‍വേയ്ക്ക് മികച്ച രീതിയില്‍ വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കും. എന്നാല്‍ യാതൊരുവിധ പരിഗണനയും നല്‍കാതെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ കടന്നുപോകുന്നത് യാത്രക്കാരെ മറ്റ് ദൂരസ്ഥലങ്ങളിലെ സ്റ്റേഷനുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. അതിനാല്‍ അടിയന്തരമായി റെയില്‍വേ അധികൃതര്‍ ഇടപെട്ട് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എല്ലാ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും, മലബാറിലെ യാത്രക്കാരുടെ ഈ ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമാക്കണമെന്നും നാട്ടുകാരും യാത്രാ സംഘടനകളും ശക്തമായി ആവശ്യപ്പെടുന്നു.

 

error: Content is protected !!