മടിക്കൈ: കിടപ്പുരോഗിയായ 85കാരിയെയും കുടുംബത്തെയും വീട് ജപ്തി ചെയ്ത് കുടിയൊഴിപ്പിക്കാനുള്ള യൂണിയന്‍ ബാങ്ക് അധികൃതരുടെ നീക്കം സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. മടിക്കൈ ബങ്കളം കൂട്ടപ്പുനയിലെ നാരായണിയെയും മകന്‍ പി.വി. ചന്ദ്രന്‍, ഭാര്യ, രണ്ട് പെണ്‍മക്കള്‍ എന്നിവരടങ്ങുന്ന കുടുംബത്തെയുമാണ് കുടിയൊഴിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ എത്തിയത്. സംഭവമറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് ജപ്തി നടപടികള്‍ തടഞ്ഞത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ചന്ദ്രന്‍ വീട് നിര്‍മാണത്തിനായി യൂണിയന്‍ ബാങ്കിന്റെ നീലേശ്വരം ശാഖയില്‍ നിന്ന് 16 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. വായ്പയെടുത്ത തുകയില്‍ 14 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും തുക പലിശയിനത്തിലാണ് വരവുവെച്ചതെന്ന് കുടുംബം ആരോപിച്ചു. കോവിഡ് കാലത്തെ വായ്പാ മോറട്ടോറിയത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും ശാഖാ മാനേജര്‍ അത് ഹെഡ് ഓഫീസിലേക്ക് അയച്ചില്ലെന്നും ഇതോടെ പലിശ വലിയ തോതില്‍ വര്‍ധിച്ചെന്നും കുടുംബം പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചന്ദ്രന്‍ നാല് ലക്ഷം രൂപ കൂടി ബാങ്കില്‍ അടച്ചിട്ടുണ്ട്. ഈ തുകയും പലിശയിനത്തിലാണ് വരവുവെച്ചതെന്ന് കുടുംബം ആരോപിച്ചു. പലിശയിനത്തിലുള്ള ഒരു ലക്ഷം രൂപ ഈ മാസം 17നകം അടയ്ക്കാനും ബാക്കി തുക രണ്ട് മാസത്തിനകം അടച്ചുതീര്‍ക്കാനും തുടര്‍ന്നുള്ള തുക ഗഡുക്കളായി അടയ്ക്കാനും ധാരണയായതോടെയാണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടിയില്‍ നിന്ന് പിന്മാറിയത്. സിപിഎം മടിക്കൈ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ. പ്രഭാകരന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ശശീന്ദ്രന്‍ മടിക്കൈ, കെ.എം. വിനോദ്, നേതാക്കളായ വി. കുട്ട്യന്‍ മാസ്റ്റര്‍, കെ. രാജന്‍, ഷിബിന്‍ ബാലൊടി, മിഥുന്‍, ജയന്തന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.
