കാസര്‍കോട്: വൃക്കയ്ക്കുള്ളില്‍ പടര്‍ന്നുപിടിക്കുന്ന അപൂര്‍വവും ഗുരുതരവുമായ കിഡ്നി സ്റ്റോണ്‍ ബാധിച്ച് അപകടത്തിലായ യുവാവിന് നൂതന ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. കാസര്‍കോട് ആസ്റ്റര്‍ മിംസിലെ യൂറോളജി വിഭാഗത്തിലെ വിദഗ്ധ മെഡിക്കല്‍ സംഘമാണ് അതീവ സങ്കീര്‍ണമായ ഓപ്പണ്‍ നെഫ്രോലിത്തോട്ടമി ശസ്ത്രക്രിയയിലൂടെ 44-കാരന്റെ വൃക്ക പൂര്‍ണമായും തകരാറിലാകാതെ സംരക്ഷിച്ചത്.
വൈദ്യശാസ്ത്രത്തില്‍ സ്റ്റാഗ്ഹോണ്‍ കാല്‍ക്കുലസ് എന്നറിയപ്പെടുന്ന അതീവ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. സാധാരണയായി കാണപ്പെടുന്ന കിഡ്നി സ്റ്റോണുകളില്‍ നിന്ന് വ്യത്യസ്തമായി ധാതുക്കള്‍ കൊമ്പുകള്‍ പോലെ ശാഖകളായി വളര്‍ന്ന് വൃക്കയുടെ ഉള്‍ഭാഗം പൂര്‍ണമായും നിറയുന്ന അവസ്ഥയാണിത്. പ്രാരംഭഘട്ടത്തില്‍ രൂക്ഷമായ മൂത്രതടസ്സത്തിനും മാരകമായ അണുബാധയ്ക്കും വഴിവെക്കും. ശേഷം കല്ലുകള്‍ അതിവേഗം വളരുന്നതിനാല്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കും. അത്തരത്തില്‍ വൃക്ക പൂര്‍ണമായും തകരാറിലായി മുറിച്ചുമാറ്റേണ്ടി വരുമെന്ന ഘട്ടത്തിലാണ് രോഗി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുത്ത ആശുപത്രിയിലെ യൂറോളജി വിഭാഗം സമയോചിതമായ ഇടപെടലിലൂടെയും നൂതന ശസ്ത്രക്രിയയിലൂടെയും ആരോഗ്യം വീണ്ടെടുത്തു.
അത്യന്തം വെല്ലുവിളികളും സങ്കീര്‍ണതകളും നിറഞ്ഞ രോഗാവസ്ഥ ആയതിനാലാണ് യൂറോളജി വിഭാഗം വിദഗ്ദ്ധരായ ഡോ. രാകേഷ് ഷെട്ടിയുടെയും, ഡോ. ശിവപ്രസാദിന്റെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അഡ്വാന്‍സ്ഡ് ഓപ്പണ്‍ നെഫ്രോലിത്തോട്ടമി ശസ്ത്രക്രിയ അവലംബിച്ചത്. വൃക്കയുടെ ഒരു ഭാഗം മാത്രം തുറന്ന് അതിലെ സൂക്ഷ്മമായ രക്തക്കുഴലുകള്‍ക്കും പേശികള്‍ക്കും യാതൊരു കേടുപാടും വരുത്താതെ അതിവിദഗ്ധമായാണ് കല്ലുകള്‍ പൂര്‍ണമായും നീക്കം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ വൃക്കയുടെ സ്വാഭാവിക പ്രവര്‍ത്തനം നിലനിര്‍ത്താന്‍ അനസ്തേഷ്യ വിഭാഗം ഡോ. അമീന് ഗുല്‍ഷാന്‍ അടങ്ങിയ മെഡിക്കല്‍ സംഘത്തിന് സാധിച്ചത്.
ശരീരത്തിലെ സുപ്രധാന അവയവമായ വൃക്കയെ ബാധിക്കാതെ ഈ രോഗത്തെ നിര്‍വീര്യമാക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. അത്യധികം അപകടസാധ്യത മുന്നിലുണ്ടായിരുന്നിട്ടും ശസ്ത്രക്രിയ പൂര്‍ണ്ണ വിജയത്തിലെത്തിക്കാനും രോഗിക്ക് സാധാരണ ജീവിതം തിരികെ നല്‍കാനും സാധിച്ചത് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ വലിയൊരു നേട്ടമാണെന്ന് ഡോ. രാകേഷ് ഷെട്ടി പറഞ്ഞു.
ഗുരുതര രോഗങ്ങള്‍ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെയും മറ്റ് പ്രമുഖ നഗരങ്ങളെയും ആശ്രയിച്ചിരുന്ന കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി പരിചരണം സ്വന്തം നാട്ടില്‍ തന്നെ ലഭ്യമാക്കുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് കാസര്‍കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി വ്യക്തമാക്കി. നവീനവും ശാസ്ത്രീയവുമായ ആതുരസേവന രീതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതോടൊപ്പം പ്രദേശത്തിന്റെ ആരോഗ്യ ആവശ്യങ്ങള്‍ക്കുള്ള സമ്പൂര്‍ണ്ണ പരിരക്ഷ പ്രാദേശികമായി ഉറപ്പുവരുത്താന്‍ ആശുപത്രി മാനേജ്മെന്റ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും, സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണ സുഖം പ്രാപിച്ച രോഗി ആശുപത്രി വിട്ടതായും അധികൃതര്‍ അറിയിച്ചു.
