കാഞ്ഞങ്ങാട്: പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയ ശേഷം തോമസ് കെ.തോമസും സംഘവും നടത്തുന്നത് വില കുറഞ്ഞ അപവാദ പ്രചാരണമാണെന്ന് എന്‍.സി.പി. (എസ്.പി ) സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എം സുരേഷ് ബാബു കുറ്റപ്പെടുത്തി. 25 വര്‍ഷം മുമ്പ് കടന്നപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി വിട്ടു പോകുമ്പോള്‍ പറഞ്ഞ വാദമാണ് ശരത് പവാര്‍ ബി.ജെ.പിയില്‍ പോകുമെന്നത്. എന്നിട്ട് ഇതുവരെ ശരത് പവാര്‍
എന്‍.ഡി.എ യില്‍ പോയില്ലെന്നും പരിധിയില്ലാത്ത അപവാദമാണ് ഇപ്പോഴും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പി. (എസ്.പി ) കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട്
ലയണ്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയാക്കാന്‍ പറ്റില്ലെന്ന് അന്നത്തെ
മുഖ്യമന്ത്രി പിണറായി വിജയന്‍
തോമസിന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത്. ആ തോമസിനെ കൂടെ കൂട്ടിയാണ് ശശീന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുന്നത്.വഞ്ചകര്‍
പാര്‍ട്ടി വിട്ട് പുറത്തുപോയപ്പോള്‍ വലിയ തലവേദനയാണ് ഒഴിഞ്ഞത്. പുഴുക്കുത്തുകള്‍ ഇല്ലാത്ത പാര്‍ട്ടിയായി നമ്മള്‍ മാറി. ഇടത് ജനാധിപത്യ സോഷ്യലിസ്റ്റ് ചിന്താഗതി ഉയര്‍ത്തിപ്പിടിച്ചും മതേതരത്വം കാത്തുസൂക്ഷിച്ചും ഇടതുമുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തി യു.ഡി.എഫ് സര്‍ക്കാരിനെതിരെ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും
പി.എം സുരേഷ് ബാബു പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ബെന്നി നാഗമറ്റം,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഉദിനൂര്‍ സുകുമാരന്‍, ഒ.കെ ബാലകൃഷ്ണന്‍, സുബൈര്‍ പടുപ്പ്, ബ്ലോക്ക് പ്രസിഡന്റുമാരായ രാഹുല്‍ നിലാങ്കര, എം. ടി പി ഹാരിസ്, നാസര്‍ പള്ളം, സമീര്‍ അണങ്കൂര്‍, എന്‍.വൈ.സി ജില്ലാ പ്രസിഡന്റ് ലിജോ സെബാസ്റ്റ്യന്‍,
എന്‍.എം.സി ഭാരവാഹി കദീജ മൊഗ്രാല്‍, ഹമീദ് ചേരങ്കൈ, ടി.വി കൃഷ്ണന്‍, മോഹനന്‍ ചുണ്ണംകുളം, ശ്രീധരന്‍ അടുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു.
