തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിലും വെള്ളക്കെട്ടിലും അകപ്പെട്ട് ഏഴ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറത്ത് മൂന്നുവയസുകാരന്‍ മരിച്ചു. അബ്ദുള്‍ മുഹൈനി ആണ് മരിച്ചത്. തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. കൊണ്ടോട്ടി നീറാട് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് നാല് വയസുകാരന്‍ മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പ തൊടി ഹമീദ് – നദീറ ദമ്പതികളുടെ മകന്‍ ആദം അയ്മന്‍ ആണ് മരിച്ചത്.
അമിതമായ ഒഴുക്കുള്ള തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അധികം വൈകാതെ കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോട്ടയം പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരന്‍ മരിച്ചു. വാകത്താനം സ്വദേശി മിലനാണ് മരിച്ചത്.
ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മഴക്കെടുതിയില്‍ നാലുപേര്‍ മരണപ്പെട്ടിരുന്നു. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ ഉരുള്‍പൊട്ടലില്‍ വീട് ഇടിഞ്ഞുവീണ് 24കാരനായ ജോസഫിന്‍ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി ആണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണി എന്നയാളുടെ വീടിന് മുകളില്‍ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. വയനാട് പടിഞ്ഞാറത്തറയില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മഞ്ഞൂറ സ്വദേശി ബെന്നിയാണ് മരിച്ചത്. ഇതിനിടെ കണ്ണൂര്‍ പേരാവൂരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കാഞ്ഞിരപ്പുഴയിലാണ് ഒഴുക്കില്‍പ്പെട്ടത് .കൊട്ടചുരം സ്വദേശി ഹനീഫയാണ് ഒഴുക്കില്‍പ്പെട്ടത്.
കാറ്റിലും മണ്ണിടിച്ചിലിലുംനിരവധി വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കൃഷി സ്ഥലങ്ങള്‍ പൂര്‍ണമായി മുങ്ങിപ്പോയതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. പലസ്ഥലങ്ങളിലും റോഡ് മുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതവും തകരാറിലായിരിക്കുകയാണ്. കനത്ത മഴക്കെടുതി തുടരുന്ന മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാസര്‍കോടും എറണാകുളത്തും തിരുവനന്തപുരത്തും കടലാക്രമണവും രൂക്ഷമാണ്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഇന്ന് 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ നാളെ, 02/08/2026ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ് നിര്‍ദേശിച്ചു.
