പൂടംക്കല്ലടുക്കത്ത് തെങ്ങുകയറ്റ പരിശീലനവും ജീവാമൃതം ജൈവവള നിര്‍മ്മാണ ക്ലാസും നടന്നു

കാഞ്ഞങ്ങാട്: ബല്ല പൂടംക്കല്ലടുക്കത്ത് കാഞ്ഞങ്ങാട് കൃഷിഭവന്റെയും ആത്മ കാസര്‍കോടിന്റെയും കെ.എസ്.കെ.ടി.യു. ബല്ലാ കൃഷിക്കൂട്ടത്തിന്റെയും ആഭിമുഖ്യത്തില്‍ തെങ്ങുകയറ്റ പരിശീലന പരിപാടിയും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ജീവാമൃതം’ നിര്‍മ്മാണ ക്ലാസും സംഘടിപ്പിച്ചു. തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായാണ് പരിശീലന പരിപാടി നടത്തിയത്. പ്രദേശത്തെ വനിതകള്‍ ഉള്‍പ്പെടെ 38 ആളുകള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
പരിശീലനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. കെ. സുകേഷ്, കെ. ദീപു എന്നിവര്‍ തെങ്ങുകയറ്റ പരിശീലനത്തിന് നേതൃത്വം നല്‍കി. കെ. യമുന കൗവ്വായി ‘ജീവാമൃതം’ നിര്‍മ്മാണ ക്ലാസ് എടുത്തു. ചെടികള്‍ക്ക് ആവശ്യമായ വളക്കൂറും രോഗപ്രതിരോധ ശേഷിയും നല്‍കുന്നതില്‍ ജീവാമൃതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് വീട്ടില്‍ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചും അവര്‍ കര്‍ഷകര്‍ക്ക് വിശദീകരിച്ചു നല്‍കി. കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിലെ എന്‍.എസ്.എസ്. കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.
കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമായ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളെയും നടത്തിപ്പിനെയും കുറിച്ച് കാഞ്ഞങ്ങാട് കൃഷിഭവന്‍ അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ എസ്. രമേശ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിന് നഗരസഭ കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍, പത്താം വാര്‍ഡ് കൗണ്‍സിലറും കെ.എസ്.കെ.ടി.യു. ബല്ല വില്ലേജ് സെക്രട്ടറിയുമായ എ. രാജന്‍, ബല്ലാ കൃഷിക്കൂട്ടം പ്രസിഡന്റ് പി. തമ്പാന്‍, ആത്മ കാസര്‍ഗോഡ് ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ സി. ഹര്‍ഷ, അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ ടി.കെ. ശ്രീവിദ്യ, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ കെ. നിഷിത, ബല്ലാ പാടശേഖര സമിതി സെക്രട്ടറി എന്‍. മുരളി എന്നിവര്‍ സംസാരിച്ചു. ബല്ലാ കൃഷിക്കൂട്ടം സെക്രട്ടറി എ. മനോജ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി. ലതാ കുമാരി നന്ദിയും പറഞ്ഞു.

 

error: Content is protected !!