രാജപുരം: രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കള്ളാര്‍ വില്ലേജ് ഓഫീസിന് കീഴില്‍ വ്യാപകമായി വയല്‍ഭൂമി നികത്തിയതായി കണ്ടെത്തിയ സംഭവത്തില്‍ വില്ലേജ് ഓഫീസറുടെ പരാതിയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കള്ളാര്‍ വണ്ണാത്തിക്കാനം കുരിശു പള്ളിക്ക് സമീപം നടന്ന വയല്‍ നികത്തലില്‍ കള്ളാര്‍ വില്ലേജ് ഓഫീസര്‍ എം. സുമേഷ് കുമാറിന്റെ പരാതിയിലാണ് രാജപുരം പോലീസ് വണ്ണാര്‍ത്തിക്കാനം സ്വദേശികളായ സജി മാത്യു,കണ്ണോത്ത് വീട്ടില്‍ രാജീവ്,ഒക്ലാവിലെ എംകെ നൗഷാദ്, നിഷാന ,രാജപുരത്തെ ലിബിന്‍ ജോസ് എന്നിവര്‍ക്കെതിരെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2025 സെപ്റ്റംബര്‍ മാസം മുതല്‍ 2026 മെയ് 30 വരെ നടന്ന വയല്‍ നികത്തലില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നടപടി. കള്ളാര്‍ വണ്ണാത്തിക്കാനം കുരിശുപള്ളിക്ക് സമീപം നിലം നികത്തി കവുങ്ങ് നട്ട് ഭൂമി പരിവര്‍ത്തനം നടത്തിയതിനും, ചാലുകീറിയതിനും ഉള്‍പ്പെടെ വ്യത്യസ്ത വ്യക്തികള്‍ക്കെതിരെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ് രാജപുരം പോലീസ് കേസെടുത്തിരിക്കുന്നത്. വണ്ണാത്തിക്കാനത്തെ വയല്‍ നികത്തലിനെതിരെ റവന്യൂ അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കയ്യേറ്റം കണ്ടെത്തിയത്.
