ചരിത്രം പിറന്നു: അര്‍ജന്റീനയെ വീഴ്ത്തി സ്‌പെയിന്‍ ലോക ചാമ്പ്യന്മാര്‍

ലോകകപ്പ് ഫുട്‌ബോളില്‍ വാശിയേറിയ കലാശപ്പോരില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് സ്‌പെയിന്‍
ചാമ്പ്യന്മാരായി. . എക്‌സ്‌ട്രൈ ടൈമിലേക്ക് നീണ്ട പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിനിന്റെ ജയം. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫെറാന്‍ ടോറസാണ് ഗോള്‍ നേടിയത്. പെഡ്രോ പോറോ വലതുവശത്തുനിന്ന് ബോക്‌സിലേക്ക് നല്‍കിയ കൃത്യമായ ക്രോസ് നിക്കോ വില്യംസ് ഹെഡറിലൂടെ ബോക്‌സിന്റെ മധ്യഭാഗത്തേക്ക് മറിച്ചുനല്‍കി. കൃത്യസമയത്ത് ഓടിയെത്തിയ ഫെറാന്‍ ടോറസ് മികച്ചൊരു ഹാഫ്-വോളിയിലൂടെ പന്ത് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിക്കുകയായിരുന്നു. സ്‌പെയിനിന്റെ രണ്ടാം ലോകകപ്പ് കിരീടമാണിത്. 2010 ലാണ് സ്‌പെയിന്‍ മുന്‍പ് കിരീടം ചൂടിയത്. ചാംപ്യന്‍മാരുടെ കളിയാണ് സ്‌പെയിന്‍ തുടക്കം മുതല്‍ ഒടുക്കം വരെ പുറത്തെടുത്തത്.
ഹൈ പ്രസിങും പന്തടക്കവുമായി സ്‌പെയിന്‍ മികച്ച് നിന്നതോടെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലുമുതിര്‍ക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. സ്‌പെയിന്‍ ലക്ഷ്യത്തിലേക്ക് തൊടുത്ത ഷോട്ടുകളെല്ലാം അര്‍ജന്റീനയുടെ ഗോളി എമിലിയാനോ മാര്‍ട്ടിനസ് തട്ടിയകറ്റി. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളില്‍ ഇരു ടീമുകളും തമ്മില്‍ കടുത്ത വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. 1966 ന് ശേഷം ഇതാദ്യമായാണ് ഫിഫ ലോകകപ്പ് മല്‍സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഷോട്ടു പോലും അര്‍ജന്റീന ഉതിര്‍ക്കാതിരിക്കുന്നത്. രണ്ടാം ഹൈഡ്രേഷന്‍ ബ്രേക്കിലും അര്‍ജന്റീനയ്ക്ക് ഗോളവസരം സൃഷ്ടിക്കാനായില്ല. കളി അധിക സമയത്തേക്ക് നീണ്ടതിന് പിന്നാലെ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. നേരത്തെ മഞ്ഞക്കാര്‍ഡ് വഴങ്ങിയിരുന്ന എന്‍സോ 93-ാം മിനിറ്റില്‍ സ്പാനിഷ് മുന്നേറ്റം തടയാന്‍ നടത്തിയ ഫൗളാണ് രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനും തുടര്‍ന്ന് ചുവപ്പ് കാര്‍ഡിനും വഴിവച്ചത്. ഇതോടെ അര്‍ജന്റീന പത്തുപേരായി ചുരുങ്ങി.

 

error: Content is protected !!