കാഞ്ഞങ്ങാട്: കാസര്‍കോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഗതാഗത യോഗ്യമല്ലാതായ ചിത്താരിപ്പാലം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റെഗുലേറ്റര്‍ സംവിധാനത്തോടെ ആറു പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ചതാണ് പഴയ ചിത്താരിപ്പാലം. കെഎസ്ടിപി പദ്ധതിയില്‍ പുതിയ പാലം കൂടി വന്നതോടെ ഇരു പാലങ്ങളും ഉപയോഗിച്ചാണ് നാലുവരിപ്പാതയിലെ വാഹനഗതാഗതം ക്രമപ്പെടുത്തിയിരുന്നത്.
എന്നാല്‍ പഴയ പാലം തകര്‍ന്നതോടെ വീതി കുറഞ്ഞ പുതിയ പാലത്തിലൂടെ മാത്രമാണ് ഇരുവശത്തേക്കുമുള്ള വാഹനങ്ങളും കടന്നുപോകുന്നത്. ഇത് ഈ മേഖലയില്‍ കടുത്ത ഗതാഗത പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
പാലത്തിന്റെ ഇരുവശത്തും വലിയ വളവുകളുള്ളതിനാല്‍ ഇവിടെ വ്യാപകമായി അപകടങ്ങള്‍ നടക്കുന്നുണ്ട്. ജനങ്ങളും നാട്ടുകാരും പാലം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.
അതേസമയം പാലത്തില്‍ നിന്ന് 200 മീറ്റര്‍ കിഴക്ക് ഭാഗത്ത് ജലസേചന വകുപ്പിന്റെ കീഴില്‍ പുതിയ റെഗുലേറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇതോടെ തകര്‍ന്ന പാലത്തിന്റെ റെഗുലേറ്റര്‍ മാറ്റി പൊതുമരാമത്ത് വകുപ്പ് പുതിയ പാലം നിര്‍മ്മിക്കുന്നതിന് തടസ്സമില്ലെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
