കുണിയ വി എച്ച് എസ് ഇ സ്‌കൂളില്‍ ജനറല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കണം; ജനകീയ ആവശ്യം ശക്തമാകുന്നു

കാഞ്ഞങ്ങാട്: കുണിയയില്‍ പ്രവര്‍ത്തിച്ചുവരുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (വി എച്ച് എസ് ഇ) ജനറല്‍ ഹയര്‍ സെക്കന്‍ഡറി ( എച്ച് എസ് ഇ ) വിഭാഗം അനുവദിക്കണമെന്ന ദീര്‍ഘകാല ജനകീയ ആവശ്യം ശക്തമാകുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ സ്‌നേഹികളും സാമൂഹിക പ്രവര്‍ത്തകരും വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഈ ന്യായമായ ആവശ്യത്തില്‍ ഇതുവരെ അനുകൂല തീരുമാനം ഉണ്ടാകാത്തത് പ്രദേശവാസികളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
നിലവില്‍ സ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ മാത്രമാണ് ലഭ്യമുള്ളത്. അതിനാല്‍ എസ്.എസ്.എല്‍.സി. വിജയിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് തുടങ്ങിയ ജനറല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ പഠിക്കാന്‍ സ്വന്തം പ്രദേശം വിട്ട് ദൂരെയുള്ള സ്‌കൂളുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് യാത്രാബുദ്ധിമുട്ടിനും അധിക സാമ്പത്തിക ബാധ്യതയ്ക്കും പഠനത്തിലെ അസൗകര്യങ്ങള്‍ക്കും കാരണമാകുന്നതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകിച്ച് മെഡിസിന്‍, എഞ്ചിനീയറിംഗ്, അധ്യാപനം, ഗവേഷണം, സിവില്‍ സര്‍വീസ് തുടങ്ങിയ ഉന്നത പഠന-തൊഴില്‍ മേഖലകള്‍ ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങള്‍ സ്വന്തം നാട്ടില്‍ ലഭിക്കാത്തത് അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.
വിദ്യാഭ്യാസ മേഖലയില്‍ തുല്യ അവസരങ്ങള്‍ ഉറപ്പാക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കുണിയ വി എച്ച് എസ് ഇ സ്‌കൂളില്‍ ജനറല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് ഒരു സ്‌കൂളിന്റെ വികസനം മാത്രമല്ല, ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പുതിയ ദിശ നല്‍കുന്ന നിര്‍ണായക തീരുമാനമായിരിക്കും.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം അനുകൂല തീരുമാനം കൈക്കൊണ്ട് കുണിയവി എച്ച് എസ് ഇയില്‍ ജനറല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും ആവശ്യമായ ബാച്ചുകളും അനുവദിക്കണമെന്ന് ഗ്രീന്‍ സ്റ്റാര്‍ കുണിയ ക്ലബ് ആവശ്യപ്പെട്ടു.
ഈ ആവശ്യം യാഥാര്‍ഥ്യമാകുന്നതുവരെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുമായി കൂടിക്കാഴ്ചകള്‍, ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിക്കല്‍, ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശവുമായി ബന്ധപ്പെട്ട ഈ ന്യായമായ ആവശ്യം തുടര്‍ന്നും അവഗണിക്കപ്പെടുകയാണെങ്കില്‍, പ്രദേശവാസികളെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി ജനാധിപത്യപരമായ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഗ്രീന്‍ സ്റ്റാര്‍ കുണിയ ക്ലബ് വ്യക്തമാക്കി

 

error: Content is protected !!