വെള്ളിക്കോത്ത് പടിക്കാല്‍ ക്ഷേത്രത്തില്‍ ചെണ്ട അരങ്ങേറ്റം നടന്നു: മടിയന്‍ രാധാകൃഷ്ണ മാരാരുടെ ശിക്ഷണത്തില്‍ വെള്ളിക്കോത്ത് വാദ്യ കലാ വേദിയിലെ 11 കലാകാരന്മാരാണ് ചെണ്ടയില്‍ ദ്രുത താളത്തില്‍ വിസ്മയം തീര്‍ത്തത്

കാഞ്ഞങ്ങാട് / വെള്ളിക്കോത്ത് : വാദ്യ പരിശീലന കളരിയുടെ ഭാഗമായി വെള്ളിക്കോത്ത് വാദ്യ കലാവേദിയുടെ നേതൃത്വത്തില്‍ നടന്ന ചെണ്ട പരിശീലനത്തില്‍ ഒരു വര്‍ഷക്കാലത്തെ പഠനത്തിനുശേഷം താള വാദ്യത്തില്‍ അറിവ് നേടിയ 11 കലാകാരന്മാര്‍ പടിക്കാല്‍ ക്ഷേത്ര തിരുസന്നിധിയില്‍ വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ചെണ്ടയില്‍ കൊട്ടി കയറിയപ്പോള്‍ ക്ഷേത്ര സന്നിധിയും ആസ്വാദക വൃന്ദവും ഒരുപോലെ ആത്മനിര്‍വൃതിയിലലിഞ്ഞു. ക്ഷേത്രത്തിലെ പ്രത്യേക പ്രാര്‍ത്ഥനയ്ക്കും ഗുരു വന്ദനത്തിനും ശേഷം ‘കയ്യും കോലും പഞ്ചാരി’ മൂന്നാം കാലത്തില്‍ തുടങ്ങി നാലും അഞ്ചും കാലങ്ങള്‍ കൊട്ടിക്കയറിയപ്പോള്‍ ക്ഷേത്ര സന്നിധിയും പരിസരവും താള വാദ്യ ലഹരിയില്‍ അലിഞ്ഞു. തുടര്‍ന്ന് ‘തീര്കലാശ’ത്തോടുകൂടിയാണ് വാദ്യ വിസ്മയത്തിന് പരിസമാപ്തിയായത്. അര്‍ജുന്‍, ധീരവ് വിജയന്‍, ജഗന്നാഥ്, സച്ചിന്‍ കൃഷ്ണ, ശ്രീ ശിവ്, ആദിദേവ് രമേശ്, അമര്‍നാഥ്, വിഘ്‌നേഷ്‌നികേഷ്, അമന്‍ദാസ് സുദേവ്, അക്ഷയ് ദേവ് എന്നീ കലാകാരന്മാരാണ് കേരളത്തിലെ പ്രശസ്ത വാദ്യ കലാകാരനായ മടിയന്‍ രാധാകൃഷ്ണന്‍മാരാരുടെ ശിക്ഷണത്തില്‍ ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ചത്. ഒപ്പം വലം തലയില്‍ മടിയന്‍ ശ്രീധര മാരാര്‍, ചെറുവത്തൂര്‍ വിനോദ് മാരാര്‍, മടിയന്‍ ഗോപകുമാര്‍ മാരാര്‍,സിദ്ധാര്‍ത്ഥ് മാവുങ്കാല്‍, ഇലത്താളവുമായി വിവേക് കണ്ണന്‍, രാഹുല്‍ കണ്ണന്‍, അഭിരാം, പ്രണവ് മടിക്കൈ, കൊമ്പും കുഴലുമായി സതീഷ് മടിക്കൈ, നീലേശ്വരം പ്രസാദ്, നിവേദ് വെള്ളിക്കോത്ത്, ശ്രീരാഗ് കാഞ്ഞങ്ങാട്, ജയന്‍ ലാലൂര്‍, ഭുവന്‍ദാസ് എന്നിവരും വാദ്യ മേളത്തിന് അകമ്പടിയേകി. മേളത്തിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ആസ്വാദകര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

 

error: Content is protected !!