പ്രോജക്ട് സീറോ”: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി വിജിലന്‍സ്; ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

കണ്ണൂര്‍: പൂഴി മണ്ണ് ശേഖരിച്ച് വില്‍ക്കുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുന്നതിന് പരാതിക്കാരനില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങിയ ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഇന്‍സ്പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരനെയാണ് (49) വിജിലന്‍സ് സംഘം വ്യാഴാഴ്ച വൈകിട്ട് രാസപദാര്‍ത്ഥം പുരട്ടിയ പണവുമായി ഇരിണാവ് ജംഗ്ഷന് സമീപത്തുനിന്ന് കയ്യോടെ പിടികൂടിയത്.

ചെറുകുന്ന് സ്വദേശിയായ പരാതിക്കാരന്‍ പൂഴി മണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള ലൈസന്‍സിനായി 2025 ജൂണ്‍ മാസത്തിലാണ് കണ്ണൂര്‍ മൈനിംഗ് ആന്റ് ജിയോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ഫയലില്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തിയതോടെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഈ മാസം എട്ടിന് രേഖകളുമായി ഓഫീസിലെത്തിയ പരാതിക്കാരനോട് സൈറ്റ് പരിശോധനയ്ക്ക് ശേഷം അനുമതി . പറഞ്ഞ് മിനറല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ ശ്രീധരന്‍ തിരിച്ചയച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍. പരിശോധനയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 15-ന് പരാതിക്കാരന്‍ . ഓഫീസിലെത്തി ശ്രീധരനെ കണ്ടു. സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തണമെങ്കില്‍ തന്നെ ‘വേണ്ട രീതിയില്‍ കാണണം’ എന്നും, ഇല്ലെങ്കില്‍ ഫയല്‍ മുന്നോട്ട് പോകില്ലെന്നും. വ്യക്തമാക്കിയ ശ്രീധരന്‍ 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇത്രയും വലിയ തുക നല്‍കാന്‍ കഴിയില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചതോടെ, തുക 15,000 രൂപയായി കുറയ്ക്കുകയും ജൂലൈ 16ന് പരിശോധനയ്ക്ക് എത്തുമ്പോള്‍ ഈ പണം കൈമാറണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരന്‍ ഉടന്‍ തന്നെ വിജിലന്‍സ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കൃത്യമായ കെണിയൊരുക്കി. വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ ഇരിണാവ് ജംഗ്ഷന് സമീപം വെച്ച് പരാതിക്കാരനില്‍ നിന്നും കൈക്കൂലിപ്പണമായ 15,000 രൂപ വാങ്ങുന്നതിനിടെ ഒളിച്ചിരുന്ന വിജിലന്‍സ് സംഘം ശ്രീധരനെ വളയുകയും . പിടിച്ചെടുക്കുകയുമായിരുന്നു.
പ്രതിയുടെ ബാഗില്‍ ഒരു കവര്‍ ഒട്ടിച്ച നിലയില്‍ കണ്ടതിനെപ്പറ്റി ചോദിച്ചപ്പോള്‍ അത് തന്റെ സ്വന്തം പണമായ 10000 രൂപ ആണെന്ന് പറഞ്ഞെങ്കിലും നാട്ടുകാരുടെ മുന്നില്‍ വെച്ച് എണ്ണിയപ്പോള്‍ അത് 15000 രൂപ ഉണ്ടായിരുന്നു. പ്രതി ഇന്നലെ വിവിധ ചെങ്കല്‍ പണകളിലും ക്വാറികളിലും പരിശോധന നടത്തിയ ശേഷമാണ് ഇരിണാവ് ഭാഗത്തേക്ക് വന്നത്.

പ്രതിയുടെ തളിപ്പറമ്പ കുറ്റിയേരിയിലെ വീട് രാത്രിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു റെയ്ഡില്‍ ചില രേഖകള്‍ കണ്ടെടുത്തു. രാവിലെ 11 മണിക്ക് തുടങ്ങിയ നടപടികള്‍ നടപടികള്‍ രാത്രി 10 മണിയോളം നീണ്ടുനിന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
സംസ്ഥാനത്തെ അഴിമതി വിമുക്തമാക്കാനുള്ള വിജിലന്‍സിന്റെ പ്രൊജക്റ്റ് സീറോ പദ്ധതിയുടെ കണ്ണൂരിലെ ആദ്യ അറസ്റ്റാണിത്. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്റ്റര്‍മാരായ ബിനുമോഹന്‍,
സുനില്‍കുമാര്‍ എസ് ഐ മാരായ നിജേഷ്, രാധാകൃഷ്ണന്‍, പ്രവീണ്‍രാമകൃഷ്ണന്‍, ജിഎഎസ് ഐമാരായ രാജേഷ്, സജിത്ത് ജി എസ് സി പി ഒമാരായ സുരേഷ്, ഹൈറേഷ്, അജേഷ് ,സജിത്ത്, ഷിജിത്ത്, മുകേഷ്, സുകേഷ് കുമാര്‍, വിജിന്‍ എന്നിവര്‍ അറസ്റ്റിനും വിവിധ സ്ഥലങ്ങളില്‍ പരിശോധനക്കും റെയ്ഡിനും പങ്കെടുത്തു.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.

 

error: Content is protected !!