വെനസ്വേലയിലെ ഇരട്ട ഭൂചലനം; 32 മരണം, 700ലേറെ പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഉയര്‍ന്നേക്കും

കാരക്കസ്: വെനസ്വേലയെ നടുക്കിക്കൊണ്ട് ബുധനാഴ്ച രാത്രി അനുഭവപ്പെട്ട അതിശക്തമായ രണ്ട്ഭൂചലനങ്ങളില്‍ഇതുവരെ കുറഞ്ഞത് 32 പേര്‍ മരിച്ചതായും ഏകദേശം 700 പേര്‍ക്ക്
പരിക്കേറ്റതായും ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കാരക്കാസിലെ ബറൂട്ട മുനിസിപ്പാലിറ്റിയില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി മേയര്‍ ഡാര്‍വിന്‍ ഗോണ്‍സാലസ് അറിയിച്ചു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍
കുടുങ്ങിക്കിടക്കുന്നവര്‍ സഹായത്തിനായി നിലവിളിക്കുന്നത് കേള്‍ക്കാമെന്നും രക്ഷാപ്രവര്‍ത്തകര്‍ അതീവ ജാഗ്രതയോടെ തിരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരണസംഖ്യ ഇനിയും വലിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന ഭീതിയിലാണ് രാജ്യം. വെനസ്വേലയിലെ ദുരന്തബാധിതരെ സഹായിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ അടിയന്തരമായി മുന്നോട്ടുവന്നിട്ടുണ്ട്. തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി
പ്രത്യേക ടീമുകളെയും മെഡിക്കല്‍ സാമഗ്രികളും മാനുഷിക സഹായങ്ങളും അടിയന്തരമായി വിന്യസിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. അമേരിക്ക പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണെന്നും രക്ഷാപ്രവര്‍ത്തകര്‍ തളരാതെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍
ഗവണ്‍മെന്റിന്റെ എല്ലാ ഏജന്‍സികളും സഹായത്തിനായി തയ്യാറാണെന്നും വേഗത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കിയതായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തില്‍ വെനസ്വേലയ്ക്ക് പിന്തുണ നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിലി പ്രസിഡന്റ് ജോസ്
അന്റോണിയോ കാസ്റ്റ് എന്നിവര്‍ക്ക് ഡെല്‍സി റോഡ്രിഗസ് നന്ദി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വെനസ്വേലന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ മറ്റ് നേതാക്കളും വെനസ്വേലന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.  അമേരിക്കന്‍ ഡെപ്യൂട്ടി ക്രിസ്റ്റഫര്‍ ലാന്‍ഡൗവും വെനസ്വേലന്‍ അധികൃതരുമായി സഹായങ്ങള്‍ എത്തിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിലവില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ എത്രയും വേഗം പുറത്തെടുക്കാനുമാണ് മുന്‍ഗണന നല്‍കുന്നത്. ബാറൂട്ട മുനിസിപ്പാലിറ്റിയിലെ മിക്ക താമസക്കാരെയും സുരക്ഷിതമായി മാറ്റിയതായും പരിക്കേറ്റവര്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു. ഒരു മിനിറ്റില്‍താഴെവ്യത്യാസത്തില്‍ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. ആദ്യത്തേത് 7.2 തീവ്രതയും രണ്ടാമത്തേത് 7.5 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെത്തുടര്‍ന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലായതോടെ ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കരീബിയന്‍, തെക്കേ അമേരിക്കന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ സന്ധിക്കുന്ന അതീവ ഭൗമ സജീവ മേഖലയിലാണ് വെനസ്വേല സ്ഥിതി ചെയ്യുന്നത്. ഈ പ്ലേറ്റുകള്‍ക്കിടയിലെ ഭ്രംശരേഖയിലുണ്ടായ തിരശ്ചീനമായ സ്ഥാനചലനമാണ് ഇത്രയും ശക്തമായ ചലനമുണ്ടാക്കിയതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഭൂചലനത്തിന്റെ വ്യാപ്തി
കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ ഒരു ലക്ഷം കടക്കാന്‍ 30 ശതമാനം സാധ്യതയുണ്ടെന്ന് യുഎസ്ജിഎസ് നേരത്തെ കണക്കാക്കിയിരുന്നു. വരും ദിവസങ്ങളിലും ശക്തമായ തുടര്‍ച്ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

error: Content is protected !!