കാഞ്ഞങ്ങാട്: കാനുകളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. നിലവില്‍ തൊഴിലാളികളെ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലാണ് ഈ മേഖല. ഇതിന് പുറമേ ഇന്ധന നിയന്ത്രണം കൂടി വന്നതോടെ ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വാഹനങ്ങളിലെ വാടക വര്‍ധന, ഇന്ധന വിലവര്‍ധന എന്നിവയും സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഇതിനിടയിലാണ് കാനുകളില്‍ ഇന്ധന നല്‍കാന്‍ പാടില്ലെന്ന ഉത്തരവ് വരുന്നത്. ഇതോടെ ദൂര സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളിലേക്ക് ഇന്ധനം എത്തിക്കാന്‍ പറ്റാത്ത സ്ഥിതിയായി.
ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തത് പരിപാടികള്‍ തടസ്സപ്പെടുന്ന സാഹചര്യം വരെ ഉണ്ടയിട്ടുണ്ട്. ഇത് സംഘാടകര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടും സാമ്പത്തിക പ്രയാസത്തിനും കാരണമാകുന്നു. സംഘടനയില്‍ അംഗമായവര്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ ഇന്ധനം നല്‍കുന്നതിന് പ്രത്യേകാനുമതി നല്‍കണം. നിയന്ത്രണം ജനറേറ്റുകളുടെ പ്രവര്‍ത്തനം ആവശ്യമായ മുഴുവന്‍ മേഖലയെയും ബാധിക്കുന്നുണ്ട്. പ്രത്യേക കാനുകളില്‍ ഇന്ധനം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കിലും ഈ കാനിന് 2000 രൂപ വില നല്‍കണം. നല്‍കിയാല്‍ തന്നെ ആവശ്യത്തിന് കാനുകള്‍ ലഭ്യമല്ല.
നിയന്ത്രണത്തിനെതിരെ 29ന് കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തുമെന്നും ജില്ലാ പ്രസിഡന്റ്‌റ് കെ.മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ.വി.ഷിബു, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാലന്‍, ജില്ലാ ട്രഷറര്‍ ഫിറോസ് പടിഞ്ഞാര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം രാധാകൃഷ്ണന്‍ ചിത്ര, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് വെള്ളിക്കോത്ത് എന്നിവര്‍ അറിയിച്ചു.
