ഹോട്ടലുകളില്‍ ശുചിത്വവും ഗുണമേന്മയും ഉറപ്പാക്കാന്‍ ഹൈജീന്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട്: ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ശുചിത്വ നിലവാരം ഉയര്‍ത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് തികച്ചും വിശ്വസനീയവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനുമായി കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റ് പ്രത്യേക ‘ഹൈജീന്‍ മോണിറ്ററിംഗ് സമിതി’ രൂപീകരിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ തന്നെ കാഞ്ഞങ്ങാട്ടെ ഹോട്ടലുകളില്‍ കൃത്യമായ ഇടവേളകളില്‍ ആഭ്യന്തര പരിശോധനകള്‍ നടത്തുകയും ആവശ്യമായ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയുമാണ് സമിതിയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാ സ്ഥാപനങ്ങളിലും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സമിതി നേരിട്ട് ഉറപ്പുവരുത്തും.

അതിഞ്ഞാല്‍ മജ്‌ലിസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ കമ്മിറ്റി രൂപീകരണവും ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമായി വിപുലമായ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേഷന്‍ ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആര്‍.എ കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സി. ശിശുപാലന്‍ അധ്യക്ഷനായി. പൊതുജനങ്ങള്‍ക്ക് പൂര്‍ണ്ണമായും വിശ്വസിച്ച് കഴിക്കാന്‍ സാധിക്കുന്നതും ഗുണമേന്മയുള്ളതുമായ ശുദ്ധമായ ഭക്ഷണം മാത്രമേ കാഞ്ഞങ്ങാട്ടെ ഹോട്ടലുകളില്‍ നിന്നും നല്‍കാവൂയെന്ന് അദ്ദേഹം പറഞ്ഞു .
നഗരത്തിലെ ഹോട്ടലുകളുടെ ശുചിത്വ പരിപാലനത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും എല്ലാവിധ സഹകരണവും പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഉറപ്പുനല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. ചന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ഹോട്ടലുകളില്‍ പാലിക്കേണ്ട അടിസ്ഥാന ശുചിത്വ ശീലങ്ങള്‍, കിച്ചണ്‍ മാനേജ്മെന്റ്, സുരക്ഷിതമായ ആഹാര സംഭരണം, ജീവനക്കാരുടെ വ്യക്തിശുചിത്വവും നിര്‍ബന്ധിത ഹെല്‍ത്ത് കാര്‍ഡും, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസില്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. നിയമപരമായ നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ വ്യാപാരികള്‍ സ്വയം അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗ്രീന്‍ സിറ്റി മാനേജര്‍ പി.ബൈജു മുഖ്യാതിഥിയായി. ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ചുള്ളിക്കര സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അമ്മയും കുഞ്ഞും ഹോസ്പിറ്റല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. മുരളീധരന്‍, സംസ്ഥാന കമ്മിറ്റി അംഗം പ്രകാശന്‍ പരിപ്പുവട, മോണിറ്ററിംഗ് കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ നാരായണന്‍ ഊട്ടുപുര എന്നിവര്‍ സംസാരിച്ചു.
ഹൈജീന്‍ മോണിറ്ററിംഗ് കമ്മിറ്റി കാഞ്ഞങ്ങാട് യൂണിറ്റ് ഭാരവാഹികളായി താഴെ പറയുന്നവരെ യോഗം തിരഞ്ഞെടുത്തു:
ചെയര്‍മാന്‍: ഗുഢപണ്ണ (ഗണേഷ് ഭവന്‍)
കണ്‍വീനര്‍: ഹരി ചൈത്രം –
മോണിറ്ററിംഗ് സമിതിയുടെ പരിശോധനകളോട് എല്ലാവരും പൂര്‍ണ്ണമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനറല്‍ സെക്രട്ടറി എം.ഗംഗാധരന്‍ സ്വാഗതവും ട്രഷറര്‍ ഹമീദ് കൂളിയങ്കാല്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!