അടിയന്തരാവസ്ഥയുടെ ഭീകരത യുവതലമുറ അറിയണം : വി. രവീന്ദ്രന്‍

കാസര്‍കോട് : അധികാരം നിലനിര്‍ത്താനായി ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ ഭീകരത ഓരോ പൗരനും പ്രത്യേകിച്ചും യുവതലമുറ കൃത്യമായി അറിയേണ്ടതുണ്ടെന്നും ഇതിനായി സെമിനാറും പ്രദര്‍ശിനികളും യോഗങ്ങളും സംഘടിപ്പിക്കണമെന്നും ബിജെപി സംസ്ഥാന കമ്മറ്റി അംഗം വി. രവീന്ദ്രന്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ബിജെപി ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ എതിരാളികളെ മാത്രമല്ല അവിവാഹിതരായ ചെറുപ്പക്കാരെ പോലും അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നിര്‍ദ്ദയം വേട്ടയാടി. ഒട്ടുമിക്ക സംസ്ഥാനങ്ങളും അടിയന്തരാവസ്ഥയ്‌ക്കെതിരെയുളള പോരാട്ടത്തെ സ്വാതന്ത്ര്യസമരത്തിന് തുല്യമായി പരിഗണിക്കുകയും അവര്‍ അനുഭവിച്ച മാനസിക, ശാരീരിക പീഢനങ്ങള്‍ കണക്കിലെടുത്ത് പെന്‍ഷന്‍ നല്‍കുമ്പോള്‍ കേരളത്തില്‍ മാപ്പിള ലഹളക്കാര്‍ക്കും മറ്റുമാണ് പെന്‍ഷന്‍ നല്‍കിയത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടി എന്ന പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെയും അവകാശവാദം കപടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 25 ന് രാവിലെ 10.30 മണിക്ക് ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ അടിയന്തരാവസ്ഥ വാര്‍ഷികാചരണവും അടിയന്തരാവസ്ഥ പോരാളികള്‍ക്കുള്ള ആദരവും സംഘടിപ്പിക്കും. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സവിത ടീച്ചര്‍, രാമപ്പ മഞ്ചേശ്വരം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ആര്‍. സുനില്‍, എന്‍. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!