കാറില്‍ കടത്തിയ 21,873 പാക്കറ്റ് നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടി.

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വിദ്യാനഗര്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ നിരോധിത പുകയില ഉത്പന്ന ശേഖരം പിടികൂടി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് കാറില്‍ കടത്തുകയായിരുന്ന 21,873 പാക്കറ്റ് നിരോധിത പാന്‍മസാലയാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ മധൂര്‍ പട്ല ലക്ഷംവീട് കോളനിയിലെ ഇബ്രാഹിം ബാദുഷ് (36) പോലീസ് കസ്റ്റഡിയിലായി. പ്രതിയില്‍ നിന്ന് നിരോധിത പാന്‍മസാല ശേഖരത്തിനൊപ്പം കടത്തിനായി ഉപയോഗിച്ച കാറും അനുബന്ധത്തിലൂടെ ലഭിച്ചതായി കരുതുന്ന പണവും പോലീസ് പിടിച്ചെടുത്തു. വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ ഉമേശന്‍, സിപിഒമാരായ രമേശ്, നജേഷ്, ബിനു എന്നിവര്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രത്യേക വാഹന പരിശോധന നടത്തി. നടത്തുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. പട്‌ല സ്‌കൂളിന് സമീപം റോഡരികില്‍ സംശയാസ്പദമായി നിര്‍ത്തിയിരുന്ന കാര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കാറിന്റെ ചില്ലിലൂടെ പരിശോധിച്ചപ്പോള്‍ അകത്ത് ചാക്കുകെട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഡോഗ് സ്‌ക്വാദിന്റെ സഹായം തേടി. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരായ സുജിത്ത്, അനീഷ് എന്നിവരും ‘ക്രിസ്റ്റിന’ എന്ന നര്‍ക്കോട്ടിക് ഡോഗും പരിശോധന നടത്തി. ഡോഗ് ലഹരി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെയും പ്രതി സാന്നിധ്യത്തില്‍ കാര്‍ തുറന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു.പരിശോധനയില്‍ കാറിന്റെ പിന്‍സീറ്റില്‍ ചാക്കുകളില്‍ ഒളിപ്പിച്ച നിലയില്‍ നിരോധിത പാന്‍മസാല ശേഖരം കണ്ടെത്തി. ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന 1,040 രൂപ ലഹരിയിലൂടെ ലഭിച്ചതാകാമെന്ന് പോലീസ് അറിയിച്ചു.

 

error: Content is protected !!