നീലേശ്വരം: നഗരത്തിന്റെ സ്വപ്ന പദ്ധതിയായ രാജാ റോഡ് വികസനത്തിന് വേഗം കൂട്ടി ഭൂമിയും കെട്ടിടവും വിട്ടുനല്‍കേണ്ടി വരുന്നവരുടെ അന്തിമ രേഖാ പരിശോധന ആരംഭിച്ചു. ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ പരിശോധന. പദ്ധതിക്കായി ആകെ 179 പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടങ്ങളുമാണ് ഏറ്റെടുക്കുന്നത്.ഇന്നലെ ആരംഭിച്ച രേഖാ പരിശോധന വരും ദിവസങ്ങളിലും തുടരും. ജൂണ്‍ 10, 12, 16, 18, 20 എന്നീ തീയതികളില്‍ നീലേശ്വരം നഗരസഭാ ഓഫീസില്‍ വെച്ചാണ് പരിശോധന നടക്കുക. തങ്ങളുടെ ഭൂമിക്കും കെട്ടിടങ്ങള്‍ക്കും ലഭിക്കുന്ന നഷ്ടപരിഹാര തുക സംബന്ധിച്ച വിവരങ്ങള്‍ നേരിട്ട് ബോധ്യപ്പെടാനും ഉടമസ്ഥര്‍ക്ക് ഈ അവസരത്തില്‍ സൗകര്യമുണ്ട്. രേഖകള്‍ കൃത്യമായി ഹാജരാക്കുന്നവര്‍ക്കുള്ള അവാര്‍ഡ് തുക, ജില്ലാ കളക്ടറുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ തന്നെ കൈമാറുമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അറിയിച്ചു. തുക വിതരണം പൂര്‍ത്തിയാകുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് നഗരസഭ വേഗത്തില്‍ കടക്കും.
