കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അറസ്റ്റിലായ ബംഗ്ലാദേശ് പൗരത്വമുള്ള യുവതിയെ ഹോസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തു. ബംഗ്ലാദേശ് ജശോര് ജില്ലയിലെ നമാജ് ഗ്രാം, സതിപൂര്‍ ഷൗക്കത്ത് ബിശ്വാസ് മകള്‍ സല്‍മ ഖാത്തൂം (31) നെയാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. വര്‍ഷങ്ങളായി കേരളത്തില്‍ അനധികൃതമായി താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് പൗരത്വമുള്ള യുവതിയെ ഇന്നലെ രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ച് ഹോസ്ദുര്‍ഗ് സബ്ബ് ഇന്‍സ്പെക്ടര്‍ സി. പി.ജിജേഷിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ അഞ്ജലി, സി.വിനോദ് കമാര്, കെ പി രമേശന് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതി ബംഗ്ലാദേശില്‍ നിന്നു കൊല്‍ക്കത്തയില്‍ എത്തിയത്. ഇവിടെ നിന്നും വ്യാജ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും സ്വന്തമാക്കിയ ശേഷമാണ് രണ്ട് വര്‍ഷം മുമ്പ് കേരളത്തില്‍ എത്തിയത്.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ ക്വാട്ടേഴ്സില്‍ താമസിച്ച് ഹോട്ടല്‍ ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ നിന്നും പരിചയപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയാണ് യുവതിയെ കൂടുതല്‍ ശമ്പളം കിട്ടുന്ന ഹോട്ടല്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കാഞ്ഞങ്ങാട്ടേക്ക് ക്ഷണിച്ചത്. ഇത് പ്രകാരമാണ് യുവതി ഇന്നലെ രാവിലെ മലബാര്‍ എക്സ്പ്രസിന് കാഞ്ഞങ്ങാട് എത്തിയതെന്ന് യുവതി പറയുന്നത്. വിവിധ അന്വേഷണ ഏജന്‍സികള്‍ യുവതിയെ ചോദ്യം ചെയ്തു. മലപ്പുറത്തു താമസിക്കുന്ന സമയത്ത് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവതി കറങ്ങി നടന്നതായി പറയപ്പെടുന്നു. യുവതി നേരത്തെ പല തവണ സംശയകരമായ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ എത്തിയിരുന്നു. ഇതേ കുറിച്ച് വിശദമായി പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. കേരളത്തില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശികളെ കണ്ടെത്തി തിരിച്ചയക്കുന്നതിനായി സംസ്ഥാന വ്യാപകമായി പോലീസ് പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട്ടും പോലീസ് തെരച്ചില്‍ നടത്തി യുവതിയെ പിടികൂടിയത്. കൊല്ലം, കൊട്ടാരക്കരയില്‍ 12 ബംഗ്ലാദേശ് പൗരന്മാരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.
