കാസര്‍ഗോഡ് ‘ഓപ്പറേഷന്‍ തൂഫാന്‍’ ശക്തം: മൂന്നിടങ്ങളില്‍ നിന്നായി 44 ഗ്രാമിലധികം എംഡി എം എയുമായി മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ജില്ലയില്‍ ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍’ ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി ബദിയടുക്ക, കുമ്പള, ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി വന്‍ മയക്കുമരുന്ന് ശേഖരവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ ദിവസം നടത്തിയ മൂന്ന് വെവ്വേറെ റെയ്ഡുകളിലായി ആകെ 44.06 ഗ്രാം എംഡി എം എയും ലഹരി വില്‍പ്പന പണവും വാഹനങ്ങളും ഡിജിറ്റല്‍ ത്രാസുകളും പോലീസ് പിടിച്ചെടുത്തു. ബദിയടുക്ക സബ് ഇന്‍സ്‌പെക്ടര്‍ ടി രൂപേഷിന്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ റെയ്ഡ് നടന്നത്. ബദിയടുക്ക മുള്ളേരിയ റോഡിലെ ‘എമിറേറ്റ്‌സ് കാര്‍ വാഷ്’ സ്ഥാപനത്തിന് സമീപം ബൈക്കില്‍ നില്‍ക്കുകയായിരുന്ന പുത്തിഗെ എടനാട് സ്വദേശിയായ എ. മുഹമ്മദ് ഹനീഫ എന്ന കാക്ക ഹനീഫ (37)എന്നയാളെ പോലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി.
ആദൂര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ സി ബിജു നടത്തിയ പരിശോധനയില്‍ പ്രതിയുടെ പോക്കറ്റില്‍ നിന്നും 28.99 ഗ്രാം മാരക മയക്കുമരുന്നായ എംഡി എം എ കണ്ടെടുത്തു. ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 29,500 രൂപയും, കടത്താന്‍ ഉപയോഗിച്ച കെ എല്‍ 14 വൈ 7724 നമ്പര്‍ മോട്ടോര്‍ സൈക്കിളും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ബദിയടുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കെതിരെ ബദിയടുക്ക, ബേക്കല്‍ പോലീസ് സ്റ്റേഷനുകളിലായി സമാനമായ മറ്റ് കേസുകളും നിലവിലുണ്ട്. കുമ്പളയില്‍ എംഡിഎംഎയുമായി അങ്കാടിമുഗര്‍ വില്ലേജില്‍ മുഗു റോഡ് ഉറുമിയിലെ റഫീഖ് മന്‍സിലില്‍ താമസിക്കുന്ന ഷബീര്‍ അലി (45) എന്നയാള്‍ പിടിയിലായി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3:35 മണിക്ക് കുമ്പള പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. അനന്ത കൃഷ്ണന്‍ മേനോന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സീതാംഗോളി ഉളിയത്തടുക്ക റോഡിലുള്ള ‘കണ്ണൂര്‍ സ്‌ക്വയര്‍’ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത് . ഇയാള്‍ നിയമവിരുദ്ധമായി വില്പനയ്ക്കായി സൂക്ഷിച്ച 11.97 ഗ്രാം എംഡി എം എ കുമ്പള പോലീസ് സംഘം കണ്ടെത്തുകയും തൊണ്ടിമുതലുകള്‍ ബന്തവസ്സിലെടുത്ത് പ്രതിക്ക് എതിരെ കുമ്പള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ സെബാസ്റ്റ്യനും സംഘവും ഇന്നലെ രാവിലെ 9:05 ഓടെയാണ് നടത്തിയ പരിശോധനയില്‍  പള്ളിക്കര കല്ലിങ്കല്‍ സ്വദേശിയും ഇപ്പോള്‍ പനയാല്‍ മൗവ്വലിലെ ഇസ്മായില്‍ ഹാജി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷാഹുല്‍ ഹമീദ് കെ (31) പിടിയിലായി. കിടപ്പുമുറിയിലെ അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു സിഗരറ്റ് പാക്കറ്റ് കണ്ടെത്തി. ഇത് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ 3.1 ഗ്രാം എം.ഡി.എം.എയും ഒരു പൊട്ടിയ ഗ്ലാസ് ട്യൂബും കണ്ടെടുത്തത്. കൂടാതെ, മയക്കുമരുന്ന് തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ഡിജിറ്റല്‍ ത്രാസും പാക്ക് ചെയ്യാനുള്ള 50 ഓളം ചെറിയ പ്ലാസ്റ്റിക് കവറുകളും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബദിയടുക്കയിലും കുമ്പളയിലുമായി പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന വാണിജ്യ പരിധിയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കുന്ന അന്തര്‍സംസ്ഥാന ലഹരി ശൃംഖലയെക്കുറിച്ചും, ഇതിന്റെ പ്രധാന ഉറവിടങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.സി.പി.ഒ ഷൈജു, സി.പി.ഒമാരായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, അനീഷ്, ഭക്തശൈവല്‍, ആരിഫ്, ഉണ്ണികൃഷ്ണന്‍ എന്നിവരും വിവിധ പരിശോധനകളില്‍ പോലീസ് സംഘത്തോടൊപ്പം പങ്കെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ 44 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുകയും 49 പേര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

 

error: Content is protected !!