നല്ല ചായ നല്ല തുടക്കം: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രിയില്‍ നടപ്പിലാക്കുന്ന അഡ്മിറ്റായ രോഗികള്‍ക്കുള്ള പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2026 2027 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടപ്പിലാക്കുന്ന ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കുള്ള പ്രഭാത ഭക്ഷണം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. നല്ല ചായ നല്ല തുടക്കം എന്ന സന്ദേശവുമായി സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നത്. എല്ലാദിവസവും രാവിലെ 7 .30 മണിക്കാണ് വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണം നല്‍കുന്നത്. ജില്ലാ ആശുപത്രി അധികൃതരുടെ കൃത്യമായ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങട് മുന്‍സിപാലിറ്റിയിലെ കുടുംബശ്രീ സംരംഭമാണ് ഭക്ഷണ വിതരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഭക്ഷണ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം മനു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ കൃഷ്ണന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സബീഷ്, ഡോ. സെറീന സലാം, ടി വി രാധിക ജില്ലാ ആശുപത്രി ആര്‍ എം ഒ ഡോ. ബി ഷഹര്‍ബാന, നേഴ്‌സിങ് സൂപ്രണ്ട് സി ലളിതാംബിക എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പി ജീജ സ്വാഗതവും പി. പ്രിയ നന്ദിയും പറഞ്ഞു.

 

error: Content is protected !!