രാജാ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ സമയ പരിധി സംസ്ഥാന സര്‍ക്കാര്‍ 6 മാസത്തേക്ക് കൂടി നീട്ടി

നീലേശ്വരം രാജാ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള സമയപരിധി സംസ്ഥാന സര്‍ക്കാര്‍ 6 മാസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച റവന്യൂ വകുപ്പിന്റെ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. കാസര്‍കോട് ജില്ലയിലെ നീലേശ്വരം വില്ലേജില്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് രാജാ റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. 2013ലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യമായ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമുള്ള നിയമത്തിലെ 19ാം സെക്ഷന്‍ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ ഉത്തരവിന്‍മേല്‍ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗീത എ. കാലാവധി നീട്ടി വിജ്ഞാപനം ഇറക്കിയത്. ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ച് 12 മാസത്തിനകം അന്തിമ പ്രഖ്യാപനം നടത്തേണ്ടതുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ 2022 ഒക്ടോബര്‍ 11നാണ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ കോമ്പന്‍സേഷന്‍, പുനരധിവാസ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് പലതവണ ഇതിന്റെ കാലാവധി നീട്ടി നല്‍കേണ്ടി വന്നിരുന്നു. ഏറ്റവുമൊടുവില്‍ അനുവദിച്ച കാലാവധി 2026 ഏപ്രില്‍ 10ന് അവസാനിച്ച സാഹചര്യത്തിലാണ്, സമയപരിധി ഇനിയും നീട്ടണമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി, മുന്‍ കാലാവധി അവസാനിച്ച ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തോടെയാണ് 6 മാസത്തെ അധിക സമയം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കാലാവധി നീട്ടി ലഭിച്ചതോടെ പ്രദേശത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും, തടസ്സമില്ലാതെ റോഡ് വികസനം പൂര്‍ത്തിയാക്കാനും സാധിക്കുമെന്നാണ് റവന്യൂ അധികൃതര്‍ നല്‍കുന്ന സൂചന.

 

error: Content is protected !!