നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും അടിയന്തര പരിഹാരം കാണണം: ജനകീയ സമരസമിതി

നീലേശ്വരം: നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും അധികൃതര്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു.

കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പ് തന്നെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളും റോഡ് നിര്‍മ്മാണവും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലായിരിക്കണം നടപ്പിലാക്കേണ്ടത്, മറിച്ച് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാകരുത്. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും യാതൊരു വിലയും നല്‍കാത്ത ഇത്തരം അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനാസ്ഥകള്‍ക്കും നേരെ കണ്ണടയ്ക്കാന്‍ സമൂഹത്തിനാവില്ല.

പ്രശ്‌നത്തിന് കാരണക്കാരായ കണ്‍സ്ട്രക്ഷന്‍ കമ്പനിയും നീലേശ്വരം മുന്‍സിപ്പാലിറ്റിയും എത്രയും പെട്ടെന്ന് ഇടപെട്ട് പരിഹാര നടപടികള്‍ സ്വീകരിക്കണം. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ജനവിരുദ്ധമായ അനാസ്ഥകള്‍ക്കെതിരെ ജനകീയ സമരസമിതി എക്കാലത്തും ശക്തമായി പ്രതികരിക്കുമെന്നും ജനങ്ങളെ അണിനിരത്തി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

 

error: Content is protected !!