കാസര്‍കോട് : തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സംസ്‌ക്കാരികം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ‘മലയാളിമുദ്ര’ മാദ്ധ്യമ പുരസ്‌ക്കാരത്തിന് കേരള കൗമുദി കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടറും കാസര്‍കോട് ബ്യുറോ ചീഫുമായ ഉദിനൂര്‍ സുകുമാരനെ തിരഞ്ഞെടുത്തു. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌ക്കാരം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ അടക്കമുള്ള
വിവിധ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ നടത്തിയ ഇടപെടലുകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. തൃശൂര്‍ അയ്യന്തോളിലുള്ള കോസ്റ്റുഫോര്‍ഡ് പ്രധാന ഓഡിറ്റോറിയത്തില്‍ മെയ് മൂന്നിന് ഞായറാഴ്ച രാവിലെ നടക്കുന്ന എഴാമത് മലയാളി സാംസ്‌ക്കാരിക സംഗമത്തില്‍ ജസ്റ്റിസ് എന്‍. നഗരേഷ് അവാര്‍ഡ് വിതരണം ചെയ്യുമെന്ന് മാനേജിങ്ങ് ട്രസ്റ്റി അഡ്വ.വി.ഗിരീശന്‍ അറിയിച്ചു. തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശിയായ ഉദിനൂര്‍ സുകുമാരന്‍ കഴിഞ്ഞ 35 വര്‍ഷമായി മാദ്ധ്യമ പ്രവര്‍ത്തന രംഗത്ത് സക്രിയമാണ്. കാസര്‍കോട് ‘സംസം സാംസ്‌ക്കാരിക വേദി’ മാദ്ധ്യമ പുരസ്‌ക്കാരം, കാഞ്ഞങ്ങാട് ജൂനിയര്‍ ചേമ്പര്‍ അവാര്‍ഡ്, തുളുനാട് വിദ്യാഭ്യാസ അവാര്‍ഡ്, പത്രാധിപര്‍ കെ സുകുമാരന്‍ സ്മാരക അവാര്‍ഡ്, തുളുനാട് മാസിക ഏര്‍പ്പെടുത്തിയ അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക മാദ്ധ്യമ അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. അദ്ധ്യാപികയായ ബിന്ദു സുകുമാരന്‍ ആണ് ഭാര്യ. അനഘ സുകുമാരന്‍ ( അദ്ധ്യാപിക) വിഘ്‌നേഷ് സുകുമാരന്‍ ( കാസര്‍കോട് മിംസ് ഹോസ്പിറ്റല്‍) എന്നിവര്‍ മക്കളാണ്.
